ക്രൈസ്റ്റ്ചര്‍ച്ച്: നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഇന്ത്യന്‍ ബാറ്റിങ് നിര പരാജയപ്പെടുമ്പോള്‍ പലപ്പോഴും രക്ഷകനായി എത്താറുള്ളത് ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. എന്നാല്‍ കിവീസ് മണ്ണില്‍ കാര്യങ്ങള്‍ കോലിക്ക് എതിരായപ്പോള്‍ ഇന്ത്യന്‍ ടീമിനും പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല. 

കെയ്ല്‍ ജാമിസണ്‍, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവര്‍ക്കു മുന്നിലൊന്നും കോലിക്ക് മറുപടിയുണ്ടായില്ല. ഫലമോ ഒരു ടെസ്റ്റ് പരമ്പരയിലെ കോലിയുടെ രണ്ടാമത്തെ ഏറ്റവും മോശം പ്രകടനം കിവീസ് മണ്ണിലായി. 

ഈ ടെസ്റ്റ് പരമ്പരയിലെ നാല് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 38 റണ്‍സ് മാത്രമാണ് കോലിക്ക് നേടാന്‍ സാധിച്ചത്. ബാറ്റിങ് ശരാശരി വെറും 9.50.

ഇതിനു മുമ്പ് 2016-17 ലെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലാണ് കോലി ഇതിനേക്കാള്‍ മോശം പ്രകടനം നടത്തിയത്. ഓസീസിനെതിരായ ആ പരമ്പരയില്‍ വെറും 9.20 ആയിരുന്നു കോലിയുടെ ബാറ്റിങ് ശരാശരി.

2017-ന് ശേഷം ഇതാദ്യമായാണ് കോലി നാലോ അതിലധികമോ ഇന്നിങ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറിപോലുമില്ലാതെ പുറത്താകുന്നത്. 

കിവീസിനെതിരായ പരമ്പരയില്‍ പേസര്‍ മുഹമ്മദ് ഷമി കോലിയേക്കാള്‍ കൂടുതല്‍ റണ്‍സ് (39) സ്‌കോര്‍ ചെയ്തിട്ടുണ്ടെന്ന് അറിയുമ്പോഴാണ് കോലിയുടെ മോശം ഫോമിന്റെ ആഴം വ്യക്തമാകുന്നത്.

Content Highlights: Virat Kohli’s miserable series ends with another failure