ഹാമില്‍ട്ടണ്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും സാങ്കേതികതികവൊത്ത ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. കോലിയുടെ ബാറ്റിങ് ടെക്‌നിക്കും മറ്റും പലപ്പോഴും ഇതിഹാസ താരങ്ങളുടെ വരെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

എന്നാല്‍ അടുത്തിടെ ലെഗ് സ്പിന്നര്‍മാര്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത കോലിയെയാണ് ക്രിക്കറ്റ് ലോകം കാണുന്നത്. ഇപ്പോഴിതാ ന്യൂസീലന്‍ഡിനെതിരായ ആദ്യ മത്സരത്തിലും കോലി ഒരു ലെഗ് സ്പിന്നര്‍ക്കു മുന്നില്‍ വീണു. 63 പന്തില്‍ നിന്ന് ആറു ഫോറുകളടക്കം 51 റണ്‍സെടുത്ത് കോലിയെ സ്പിന്നര്‍ ഇഷ് സോധി ബൗള്‍ഡാക്കുകയായിരുന്നു. സോധിയുടെ ഗൂഗ്ലി മനസിലാക്കുന്നതില്‍ പിഴച്ച കോലിയുടെ വിക്കറ്റുമായി പന്ത് പറന്നു.

screengrab
ഇഷ് സോധി

കഴിഞ്ഞ നാല് ഏകദിനങ്ങള്‍ക്കിടെ ഇത് മൂന്നാം തവണയാണ് കോലി ഒരു ലെഗ് സ്പിന്നര്‍ക്കു മുന്നില്‍ വീഴുന്നത്. നേരത്തെ നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന മൂന്നു മത്സര ഏകദിന പരമ്പരയിലെ രണ്ടു മത്സരത്തിലും കോലിയെ പുറത്താക്കിയത് ലെഗ് സ്പിന്നര്‍ ആദം സാംപയായിരുന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഇന്ത്യന്‍ ക്യാപ്റ്റനെ പുറത്താക്കിയ സ്പിന്‍ ബൗളറും സാംപ തന്നെ. ഏകദിനത്തില്‍ 12 ഇന്നിങ്സില്‍ അഞ്ചു തവണയാണ് സാംപയുടെ പന്തില്‍ കോലി പുറത്തായത്. എല്ലാ ഫോര്‍മാറ്റിലുമായി ആകെ ഏഴു തവണയാണ് കോലി, സാംപയുടെ പന്തില്‍ പുറത്തായത്.

Virat Kohli's leg-spinner curse continues
ആദം സാംപ

ഓസീസ് പരമ്പരയില്‍ കോലിക്കെതിരേ അവരുടെ പ്രധാന ഗെയിം പ്ലാന്‍ ആദം സാംപയെ കളത്തിലിറക്കിയുള്ളതായിരുന്നു. ഇത്തവണ കിവീസ് ക്യാപ്റ്റന്‍ ടോം ലാഥവും കോലിക്കെതിരേ പയറ്റിയത് ഇതേ തന്ത്രം തന്നെ. 

Content Highlights: Virat Kohli's leg-spinner curse continues