സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ബൗളിങ്ങിനിടെ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സിലെ 11-ാം ഓവര്‍ എറിയുന്നതിനിടേ ആയിരുന്നു പരിക്ക്. പന്തെറിഞ്ഞ ശേഷമുള്ള ഫോളോ ത്രൂവില്‍ ഇന്ത്യന്‍ താരത്തിന്റെ കണങ്കാല്‍ തിരിഞ്ഞുപോയി.

തുടര്‍ന്ന് ഫിസിയോക്കൊപ്പം ഗ്രൗണ്ട് വിടേണ്ടിവന്നു. എന്നാല്‍ പരിക്ക് ഗുരുതരമായിരുന്നില്ല. വൈദ്യസഹായം ലഭിച്ചതിന് ശേഷം 60-ാം ഓവറില്‍ ബുംറ ഗ്രൗണ്ടില്‍ തിരിച്ചെത്തി. 

ബുംറയുടെ ഈ തിരിച്ചുവരവിനെ കോലി കൈകാര്യം ചെയ്ത രീതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. രാജകീയ വരവേല്‍പ്പാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നല്‍കിയത്.

ബുംറ ബൗള്‍ ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ കോലി ഉറക്കെ വിളിച്ചുപറഞ്ഞത് ഇങ്ങനെയാണ്. 'ഒടുവില്‍, ദ റോക്ക് ഇതാ മടങ്ങിയെത്തിയിരിക്കുന്നു.' കോലിയുടെ ഈ വാക്കുകള്‍ സ്റ്റമ്പ് മൈക്ക് ഒപ്പിയെടുത്തു. ഇതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷവും തുടങ്ങി.

അവസാന ഓവറില്‍ കേശവ് മഹാരാജിന്റെ വിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത് ബുംറയാണ്. ആദ്യ ഇന്നിങ്‌സില്‍ 7.2 ഓവറില്‍ 16 റണ്‍സ് വഴങ്ങി താരം രണ്ടു വിക്കറ്റെടുത്തു. 

Content Highlights: Virat Kohli's comment on Jasprit Bumrah's return makes fans chuckle