ന്യൂഡല്‍ഹി: ആഹാരക്രമത്തില്‍ മുട്ട ഉള്‍പ്പെടുത്താറുണ്ടെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന്റെ പേരില്‍ ട്രോളുകള്‍ നിറഞ്ഞതോടെ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി രംഗത്ത്. 

കഴിഞ്ഞ ദിവസം എന്നോട് എന്തും ചോദിക്കാമെന്ന ഇന്‍സ്റ്റാഗ്രാം സെഷനില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കോലി തന്റെ ആഹാരക്രമം വെളിപ്പെടുത്തിയത്.

'ഒരുപാട് പച്ചക്കറികള്‍, കുറച്ച് മുട്ടകള്‍, രണ്ടു കപ്പ് കോഫി, ക്വിനോവ, കുറേ ചീര, ദോശയും ഇഷ്ടമാണ്. പക്ഷേ എല്ലാം നിയന്ത്രിത അളവില്‍ മാത്രം' എന്നായിരുന്നു കോലി നല്‍കിയ മറുപടി.

എന്നാല്‍ താന്‍ വീഗനാണെന്ന് നേരത്തെ അവകാശപ്പെട്ടിരുന്ന താരം ആഹാരത്തില്‍ മുട്ട ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതോടെ ആളുകള്‍ പരിഹാസങ്ങളും ട്രോളുകളുമായി രംഗത്തെത്തി. 

ഇതോടെയാണ് ഇപ്പോള്‍ കോലി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. താന്‍ വീഗനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നും വെജിറ്റേറിയനായി തുടരാനാണ് ശ്രമിച്ചിട്ടുള്ളതെന്നും കോലി ട്വിറ്ററില്‍ കുറിച്ചു. 

പക്ഷേ നേരത്തെ മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്സണുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റ് ഷോയില്‍ താന്‍ വീഗനാണെന്ന് കോലി അവകാശപ്പെട്ടിട്ടുണ്ട്. അതിന്റെ കാരണവും അന്ന് താരം വ്യക്തമാക്കിയിരുന്നു.

''2018-ല്‍ എനിക്ക് സെര്‍വിക്കല്‍ സ്പൈന്‍ പ്രശ്നമുണ്ടായി. വിരലുകളുടെ സ്പര്‍ശനശേഷി തന്നെ നഷ്ടപ്പെട്ടിരുന്നു. എനിക്ക് ഉറങ്ങാനേ സാധിച്ചിരുന്നില്ല. ശരീരം അസിഡിക്കായിരുന്നു. എന്റെ എല്ലുകളിലെ കാത്സ്യം മുഴുവന്‍ വലിച്ചെടുക്കപ്പെടുകയായിരുന്നു. അതോടെ എല്ലുകളുടെ ശക്തി ക്ഷയിക്കാന്‍ തുടങ്ങി'', കോലി പറഞ്ഞു.

''ഇതോടെ ശരീരത്തില്‍ യൂറിക്ക് ആസിഡ് കുറയ്ക്കാന്‍ ഞാന്‍ മാംസം ഒഴിവാക്കി. ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്. അതിനു മുമ്പ് ഇത്രയും നന്നായി ഞാന്‍ ഉണര്‍ന്നെണീറ്റിട്ടില്ല. ആഴ്ചയില്‍ മൂന്ന് മത്സരങ്ങള്‍ വരെ കളിച്ചാലും ഒരു ദിവസം കൊണ്ടു തന്നെ എനിക്ക് ക്ഷീണമെല്ലാം മാറി തിരിച്ചുവരാന്‍ സാധിക്കുന്നു'', എന്നാണ് കോലി അന്ന് പറഞ്ഞത്.

മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങളായ പാല്‍, തൈര്, നെയ്യ്, മത്സ്യം, മാംസം, മുട്ട എന്നിവ പൂര്‍ണമായും ഒഴിവാക്കി പച്ചക്കറികളും ഇലക്കറികളും മാത്രം ഉള്‍പ്പെടുത്തിയുള്ള ഭക്ഷണരീതിയാണ് വീഗന്‍ ഡയറ്റ്. അമേരിക്കയില്‍ രൂപംകൊണ്ട് പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് വ്യാപിക്കുകയായിരുന്നു.

സെറീന വില്യംസ്, ലയണല്‍ മെസ്സി തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ഈ ഡയറ്റ് പിന്തുടരുന്നവരാണ്.

Content Highlights: Virat Kohli responds after being trolled over eggs diet