അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഫോമിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പുറത്താകാതെ 73 റണ്‍സെടുത്ത കോലി ഇന്ത്യ തോറ്റ മൂന്നാം മത്സരത്തില്‍ പുറത്താകാതെ  77 റണ്‍സും സ്വന്തമാക്കിയിരുന്നു.

തുടര്‍ച്ചയായ മത്സരങ്ങളില്‍ പുറത്താകാതെ നിന്നതോടെ ഒരു അപൂര്‍വ റെക്കോഡും കോലി സ്വന്തം പേരിലാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത് ഏറ്റവും കൂടുതല്‍ തവണ പുറത്താകാതെ നിന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് കോലിയെ തേടിയെത്തിയത്.

കരിയറില്‍ 50-ാം തവണയാണ് കോലി ഇത്തരത്തില്‍ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്ത് പുറത്താകാതെ നില്‍ക്കുന്നത്. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറെയാണ് ഇക്കാര്യത്തില്‍ കോലി മറികടന്നത്. 49 തവണയാണ് സച്ചിന്‍ ഇത്തരത്തില്‍ പുറത്താകാതെ നിന്നത്. 

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി 48 തവണയും രാഹുല്‍ ദ്രാവിഡ് 35 തവണയും ഇത്തരത്തില്‍ പുറത്താകാതെ നിന്നിട്ടുണ്ട്. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ തവണ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്ത് പുറത്താകാതെ നിന്ന താരം ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസാണ്.

Content Highlights: Virat Kohli Overtakes Sachin Tendulkar in most fifty plus scores