പുണെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ചൊവ്വാഴ്ച നടക്കാനിരിക്കെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ സെഞ്ചുറി റെക്കോഡിനൊപ്പമെത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

ഏകദിനത്തില്‍ സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്താനാണ് കോലിക്ക് അവസരമൊരുങ്ങുന്നത്. 

നാട്ടില്‍ കളിച്ച 164 ഏകദിനങ്ങളില്‍ നിന്ന് 20 സെഞ്ചുറികളാണ് സച്ചിന്റെ സമ്പാദ്യം. നാട്ടില്‍ കളിച്ച 95 മത്സരങ്ങളില്‍ നിന്നു തന്നെ കോലിക്ക് 19 സെഞ്ചുറികളായി. ഒരു സെഞ്ചുറി കൂടി നേടിയാല്‍ കോലിക്ക് സച്ചിനൊപ്പമെത്താം. 

അതേസമയം 2019 നവംബറില്‍ ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിനു ശേഷം പിന്നീട് ഇതുവരെ കോലിയുടെ ബാറ്റില്‍ നിന്ന് രാജ്യാന്തര ക്രിക്കറ്റില്‍ ഒരു സെഞ്ചുറി പോലും പിറന്നിട്ടില്ല. 2019 ഓഗസ്റ്റിലാണ് കോലി അവസാനമായി ഏകദിനത്തില്‍ സെഞ്ചുറി നേടിയത്. വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു കോലിയുടെ നേട്ടം.

സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങള്‍
സച്ചിന്‍ തെണ്ടുല്‍ക്കര്‍ - 20 (164)
വിരാട് കോലി 19 (95)
ഹാഷിം അംല - 14 (69)
റിക്കി പോണ്ടിങ് 13 (153)
റോസ് ടെയ്ലര്‍ - 12 (106)

അതേസമയം ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച ഫോമിലായിരുന്നു കോലി. പരമ്പരയില്‍ മൂന്ന് തവണ അര്‍ധ സെഞ്ചുറി പിന്നിട്ട കോലിയായിരുന്നു പരമ്പരയിലെ ടോപ് സ്‌കോറര്‍.

Content Highlights: Virat Kohli on the verge of equalling Sachin Tendulkar s record