ന്യൂഡൽഹി: ക്രിക്കറ്റ് മൈതാനത്ത് എന്നും ഊർജസ്വലനായി കാണപ്പെടുന്നയാളാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. കളിക്കളത്തിലെ കോലിയുടെ കഴിവുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കളത്തിനു പുറത്തോ? നല്ല അസ്സലായി കേക്കുണ്ടാക്കുന്നയാളാണ് കോലിയെന്നു പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ. കോലി തന്നെയാണ് ഇപ്പോൾ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യൻ താരം മായങ്ക് അഗർവാളുമൊത്തുള്ള ലൈവ് ചാറ്റ് ഷോയിലാണ് താൻ ജീവിതത്തിൽ ആദ്യമായി കേക്കുണ്ടാക്കിയ കാര്യം കോലി വെളിപ്പെടുത്തിയത്.

ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയുടെ പിറന്നാൾ ദിനത്തിലാണ് കോലി കേക്കിൽ പരീക്ഷണത്തിന് മുതിർന്നത്. ആദ്യ ശ്രമം തന്നെ വിജയകരമായിരുന്നുവെന്നും കേക്ക് അനുഷ്കയ്ക്ക് ഇഷ്ടമായെന്നും കോലി പറഞ്ഞു. മേയ് ഒന്നിനായിരുന്നു അനുഷ്കയുടെ പിറന്നാൾ.

''ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു കേക്കുണ്ടാക്കിയത് അനുഷ്കയുടെ പിറന്നാൾ ദിനത്തിലായിരുന്നു. അതിനു മുമ്പ് ഞാൻ ഒരു കേക്ക് ഉണ്ടാക്കി നോക്കിയിട്ടേയില്ല. ആദ്യ ശ്രമം തന്നെ വിജയകരമായി. കേക്ക് ഇഷ്ടമായെന്ന് അനുഷ്ക എന്നോട് പറഞ്ഞു.'' - കോലി വ്യക്തമാക്കി.

ഐ.പി.എൽ 13-ാം സീസസൺ സെപ്റ്റംബറിൽ പ്രഖ്യാപിച്ചതോടെ ടൂർണമെന്റിനുള്ള ഒരുക്കത്തിലാണ് താരം.

Content Highlights: Virat Kohli narrates he Baked a cake for first time