ന്യൂഡല്‍ഹി: ഏറെ സ്‌നേഹിച്ചിരുന്ന തന്റെ വളര്‍ത്തുനായ ബ്രൂണോയെ എന്നന്നേക്കുമായി നഷ്ടപ്പെട്ട ദുഃഖം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി.

ബുധനാഴ്ച രാവിലെ സോഷ്യല്‍ മീഡിയയിലൂടെയാണ് വളര്‍ത്തു നായയുടെ മരണം കോലി  അറിയിച്ചത്. 11 വര്‍ഷത്തോളം കോലിക്കൊപ്പമുണ്ടായിരുന്ന വളര്‍ത്തു നായയായിരുന്നു ബ്രൂണോ.

'റെസ്റ്റ് ഇന്‍ പീസ് ബ്രൂണോ. 11 വര്‍ഷത്തോളം ഞങ്ങളെ സ്‌നേഹിച്ചു. അതിലൂടെ ഒരു ജീവിതകാലം നീണ്ടുനില്‍ക്കുന്ന ബന്ധം ഉണ്ടാക്കിയെടുത്തു. ഇന്ന് മെച്ചപ്പെട്ട ഒരിടത്തേക്ക് യാത്രയായി. ദൈവം അവന്റെ ആത്മാവിനെ സമാധാനത്തോടെ അനുഗ്രഹിക്കട്ടെ', ബ്രൂണോയുടെ ചിത്രം പങ്കുവെച്ച് കോലി കുറിച്ചു.

Virat Kohli Mourn Death Of Their Pet Dog Bruno

പലപ്പോഴും കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും വളര്‍ത്തു നായ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ബ്രൂണോയുടെ വിയോഗത്തില്‍ അനുഷ്‌കയും ദുഃഖം പങ്കുവെച്ചു.

കോലിയുടെ മൃഗസ്‌നേഹം പ്രശസ്തമാണ്. അടുത്തിടെ ബെംഗളൂരുവിലെ ചാര്‍ലീസ് അനിമല്‍ റെസ്‌ക്യു സെന്ററില്‍ നിന്ന് 15 തെരുവുനായ്ക്കളെ കോലി ദത്തെടുത്തിരുന്നു.

Content Highlights: Virat Kohli Mourn Death Of Their Pet Dog Bruno