ഹൈദരാബാദ്: 2017-ലെ ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ വിരാട് കോലിയുടെ വിക്കറ്റെടുത്ത ശേഷം വിന്‍ഡീസ് ബൗളര്‍ കെസറിക് വില്യംസ് തന്റെ സ്വതസിദ്ധമായ 'നോട്ട്ബുക്ക് സെലിബ്രേഷന്‍' പുറത്തെടുത്തിരുന്നു. അന്ന് പാവം വില്യംസ് കരുതിക്കാണില്ല 'ഒന്നും മറക്കുന്ന ആളല്ല' ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെന്ന്. 

അന്ന് ജമൈക്കയില്‍ നടന്ന മത്സരത്തിനിടെയായിരുന്നു വില്യംസിന്റെ നോട്ട്ബുക്ക് സെലബ്രേഷന്‍. രണ്ടു വര്‍ഷം കാത്തിരുന്ന് അതിന് പലിശ സഹിതം കോലി വെള്ളിയാഴ്ച പകരം വീട്ടി. ഏറെ നാളുകള്‍ക്ക് ശേഷം ട്വന്റി 20 ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് കോലി ആഘോഷമാക്കിയപ്പോള്‍ വിന്‍ഡീസ് ബൗളര്‍മാരെല്ലാം തന്നായി തല്ലു വാങ്ങി.

മത്സരത്തിനിടെ കോലിയെ ഒന്ന് ചൊടിപ്പിച്ചതേ വില്യംസിന് ഓര്‍മയുള്ളൂ. കോലിയെ ചൊടിപ്പിച്ചവരെല്ലാം നന്നായി കോലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞിരുന്നു. വിക്കറ്റിനിടയിലുള്ള ഓട്ടത്തിനിടെ കോലിയെ തടയാന്‍ ശ്രമിച്ചാണ് വില്യംസ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. 16-ാം ഓവര്‍ എറിഞ്ഞ വില്യംസണെ സിക്‌സറിന് പറത്തി കോലി നോട്ട്ബുക്ക് പുറത്തെടുത്ത് അങ്ങ് നീട്ടിക്കുറിച്ചു.

മത്സരത്തില്‍ 50 പന്തില്‍ നിന്ന് ആറു വീതം സിക്‌സും ബൗണ്ടറികളുമായി 94 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ തന്നെയായിരുന്നു ഇന്ത്യയുടെ വിജയശില്‍പി. കോലി ട്വന്റി 20 കരിയറിലെ 23-ാം അര്‍ധസെഞ്ചുറി കുറിച്ചപ്പോള്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം.

നോട്ട്ബുക്ക് സെലിബ്രേഷന്റെ ചരിത്രം

കെസറിക് വില്യംസന്റെ നോട്ട്ബുക്ക് സെലിബ്രേഷന് രസകരമായ ഒരു ചരിത്രമുണ്ട്. 2017-ല്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെ ഗയാന വാരിയേഴ്‌സ് താരമായ ചാഡ്വിക് വാള്‍ട്ടനെ പുറത്താക്കിയ ശേഷം അദ്ദേഹത്തിന്റെ അടുത്തെത്തി ജമൈക്ക തലൈവാസിന്റെ താരമായിരുന്ന കെസറിക് വില്യംസ് നോട്ട്ബുക്കില്‍ കുറിച്ചിടുന്ന ആഘോഷം പുറത്തെടുത്തു. പിന്നീട് ഇരു ടീമുകളും വീണ്ടു ഏറ്റുമുട്ടിയപ്പോഴാണ് രസകരമായ ആ പ്രതികാരം വാള്‍ട്ടണ്‍ നടത്തിയത്. മത്സരത്തില്‍ വില്യംസണെ തിരഞ്ഞുപിടിച്ച് ആക്രമിച്ച വാള്‍ട്ടണ്‍ ഓരോ ബൗണ്ടറികള്‍ക്കും സിക്‌സറുകള്‍ക്കും ശേഷവും 'നോട്ട്ബുക്ക് സെലബ്രേഷന്‍' നടത്തുകയായിരുന്നു. പേജുകള്‍ മറിച്ച് പണ്ടത്തെ കലിപ്പ് മുഴുവന്‍ തീര്‍ക്കുകയായിരുന്നു വാള്‍ട്ടണ്‍ അന്ന്.

Content Highlights: Virat Kohli Mocks Notebook Send-Off Kesrick Williams