അഹമ്മദാബാദ്: ക്രിക്കറ്റ് മൈതാനത്ത് പലപ്പോഴും ചൂടാനായ വിരാട് കോലിയെ നമ്മള്‍ പലയാവര്‍ത്തി കണ്ടിട്ടുണ്ട്. പലപ്പോഴും എതിര്‍ ടീം അംഗങ്ങളാണ് ഫീല്‍ഡില്‍ കോലിയുടെ ചൂട് അറിഞ്ഞിരിക്കുക. പക്ഷേ ഇടയ്ക്ക് സ്വന്തം ടീം അംഗങ്ങളും അതിന് ഇരയാകാറുണ്ട്. 

അത്തരമൊരു സംഭവമാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനിടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്നത്. 

ഫീല്‍ഡിലെ അലസതയുടെ പേരില്‍ യുവ താരം ഷാര്‍ദുല്‍ താക്കൂറാണ് ഇത്തവണ ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകളുടെ ചൂടറിഞ്ഞത്. 

ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെ ഇന്നിങ്‌സിന്റെ 12-ാം ഓവറിലായിരുന്നു സംഭവം. ബൗളിങ്ങും ഫീല്‍ഡിങ്ങും ടൈറ്റാക്കി ഇംഗ്ലണ്ടിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യ ശ്രമിക്കുന്ന സമയമായിരുന്നു ഇത്. ജോണി ബെയര്‍സ്‌റ്റോ ലെഗ് സൈഡിലേക്ക് കളിച്ച പന്തിനോട് പ്രതികരിക്കാന്‍ ഷാര്‍ദുല്‍ വൈകി. ഫലമോ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടു റണ്‍സ് ഓടിയെടുത്തു. മാത്രമല്ല താരത്തിന്റെ ത്രോ വിക്കറ്റിന്റെ ഏഴയലത്ത് കൂടി പോയില്ലെന്ന് മാത്രമല്ല ഷാര്‍ദുല്‍ എറിഞ്ഞ പന്ത് നേരെ പോയത് കോലിയുടെ നേര്‍ക്കായിരുന്നു. 

ഇതോടെ കോലിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഷാര്‍ദുലിനോട് ക്ഷുഭിതനായി  തന്നെ കോലി സംസാരിച്ചു. ഷാര്‍ദുല്‍ കൈ ഉയര്‍ത്തി ക്യാപ്റ്റനോട് ക്ഷമാപണം നടത്തുന്നതും കാണാമായിരുന്നു. 

അതേസമയം ജോസ് ബട്ട്‌ലറുടം ഇന്നിങ്‌സിന്റെ ബലത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.

Content Highlights: Virat Kohli Loses His Cool After Shardul Thakur s Lazy Fielding