മുംബൈ: ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണാണ് ചേതേശ്വര്‍ പൂജാര എന്ന രാജ്‌കോട്ടുകാരന്‍. രാഹുല്‍ ദ്രാവിഡ് ഒഴിച്ചിട്ട സ്ഥാനത്തേക്ക് ടീം ഇന്ത്യയുടെ കണ്ടെത്തലായിരുന്നു പൂജാര.
ഓസീസ് മണ്ണിലെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ട് ടെസ്റ്റ് പരമ്പര ജയങ്ങളില്‍ പൂജാരയുടെ പങ്ക് ചെറുതല്ല.
ഓസീസ് മണ്ണില്‍ ഇന്ത്യയ്ക്കായി പൊരുതിയ താരത്തിന്റെ 33-ാം ജന്മദിനമാണ് തിങ്കളാഴ്ച.
ക്രീസില്‍ പാറ പോലെ ഉറച്ചുനില്‍ക്കുന്ന താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് പൂജാരയ്ക്ക് ആശംസ നേര്‍ന്ന് ആദ്യം രംഗത്തെത്തിയത്. നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്ന് ആശംസിച്ച കോലി ക്രീസില്‍ കൂടുതല്‍ മണിക്കൂറുകള്‍ നില്‍ക്കാന്‍ സാധിക്കട്ടേയെന്നും ആശംസിച്ചു.
ബി.സി.സി.ഐയും ട്വിറ്ററിലൂടെ താരത്തിന് ആശംസകള്‍ നേര്‍ന്നു. മുന്‍ താരങ്ങളായ ആര്‍.പി സിങ്, യുവ്‌രാജ് സിങ്, ഹര്‍ഭജന്‍ സിങ്, വസീം ജാഫര്‍ തുടങ്ങിയവരും പൂജാരയ്ക്ക് ആശംസയറിയിച്ച് രംഗത്തെത്തി.
ഇന്ത്യയ്ക്കായി 81 ടെസ്റ്റുകളില്‍ നിന്ന് 18 സെഞ്ചുറിയും 28 അര്‍ധ സെഞ്ചുറിയുമടക്കം 6,111 റണ്‍സാണ് പൂജാരയുടെ സമ്പാദ്യം. ടെസ്റ്റില്‍ ഇതുവരെ 13,572 പന്തുകളാണ് താരം നേരിട്ടിട്ടുള്ളത്.
കോലിക്കു കീഴില്‍ ഇന്ത്യ ആദ്യമായി ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര ജയിച്ചപ്പോള്‍ താരമായത് പൂജാരയായിരുന്നു. 2018-19 പരമ്പരയില്‍ മൂന്ന് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയുമടക്കം 521 റണ്‍സാണ് പുജാര നേടിയത്.
ഇത്തവണയും അദ്ദേഹം പ്രതീക്ഷ തെറ്റിച്ചില്ല. നാലു മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ചുറിയടക്കം 271 റണ്‍സാണ് താരം സ്വന്തമാക്കിയത്.
Content Highlights: Virat Kohli leads wishes for Cheteshwar Pujara as he turns 33