സെഞ്ചൂറിയന്‍: വിവാഹശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ വിരാട് കോലി സെഞ്ചൂറിയനിലെ സെഞ്ചുറി സമ്മാനിച്ചത് ഭാര്യ അനുഷ്‌കാ ശര്‍മ്മയ്ക്ക്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 150 റണ്‍സ് നേടിയപ്പോള്‍ കോലി ഭാര്യ അണിയിച്ച വിവാഹമോതിരത്തില്‍ ചുംബിച്ചു. കഴുത്തിലെ മാലയിലാണ് കോലി മോതിരം കോര്‍ത്തിട്ടിരുന്നത്. 

150 റണ്‍സ് പിന്നിട്ടപ്പോള്‍ കോലി ഹെല്‍മറ്റൂരി ആരാധകരെ അഭിവാദ്യം ചെയ്തു. പിന്നീട് ആ ഹെല്‍മെറ്റില്‍ ചുംബിച്ചു. തുടര്‍ന്ന് ഗ്ലൗസ് രണ്ടും ഊരിമാറ്റിയശേഷം മാലയില്‍ കോര്‍ത്തിട്ടിരുന്നു വിവാഹമോതിരത്തില്‍ ചുംബിക്കുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ കോലി പരാജയമായത് അനുഷ്‌ക കാരണമാണെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ആ ചുംബനം. 

ടെസ്റ്റ് കരിയറില്‍ ഒമ്പതാം തവണയാണ് കോലി  150 കടക്കുന്നത്. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ വളരെ വേഗത്തിലായിരുന്നു കോലി 150 റണ്‍സിലെത്തിയത്.