പുണെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചതോടെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 

ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ 200-ാം മത്സരമായിരുന്നു ഇത്. 2017 ജനുവരിയില്‍ ധോനി ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ചതോടെയാണ് കോലി ഇന്ത്യന്‍ ക്യാപ്റ്റനാകുന്നത്. 

ഇതോടെ 200 മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനെന്ന നേട്ടവും കോലി സ്വന്തമാക്കി. മുഹമ്മദ് അസ്ഹറുദ്ദീന്‍ എം.എസ് ധോനി എന്നിവരാണ് നേരത്തെ ഇന്ത്യയെ 200 മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്‍മാര്‍. 

60 ടെസ്റ്റിലും 45 ട്വന്റി 20 മത്സരങ്ങളിലും 95 ഏകദിനങ്ങളിലുമാണ് കോലി ഇന്ത്യയെ നയിച്ചത്. 

ധോനി 332 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. അസ്ഹറുദ്ദീന്‍ 221 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ സൗരവ് ഗാംഗുലി 196 മത്സരങ്ങളിലാണ് ഇന്ത്യന്‍ ക്യാപ്റ്റനായത്. 108 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കപില്‍ ദേവാണ് അഞ്ചാം സ്ഥാനത്ത്. 

ശ്രീലങ്കയുടെ അര്‍ജുന രണതുംഗ, ന്യൂസീലന്‍ഡിന്റെ സ്റ്റീഫന്‍ ഫ്ളെമിങ്, ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്, ദക്ഷിണാഫ്രിക്കയുടെ ഗ്രേയം സ്മിത്ത് എന്നിവരാണ് ലോക ക്രിക്കറ്റില്‍ 200 മത്സരങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍മാര്‍.

Content Highlights: Virat Kohli joins MS Dhoni Azharuddin in elite list