ലണ്ടന്‍: രണ്ടാം ഇന്നിങ്‌സില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അഞ്ചാം ദിനം ഇംഗ്ലണ്ടിനെ 210 റണ്‍സില്‍ ചുരുട്ടിക്കെട്ടിയാണ് ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ ചരിത്രവിജയം നേടിയത്.

ടീം ഒന്നടങ്കം പുറത്തെടുത്ത മികവ് തന്നെയായിരുന്നു വിജയത്തിന്റെ അടിത്തറ. പിച്ചില്‍ നിന്ന് കാര്യമായ സംഭാവനകളൊന്നും തന്നെ ലഭിക്കാത്ത സാഹചര്യത്തിലും മികവോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തന്നെയാണ് വിജയത്തിന്റെ ക്രെഡിറ്റ്. 

ഇതിനിടെ ജസ്പ്രീത് ബുംറയെറിഞ്ഞ ഒരു സ്‌പെല്‍ ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിക്കുകയും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തു. ഇപ്പോഴിതാ ബുംറ ഈ സ്‌പെല്‍ ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി.

''നമ്മുടെ ബൗളര്‍മാര്‍ റിവേഴ്‌സ് സ്വിങ് മികച്ച രീതിയില്‍ ഉപയോഗിച്ചു. 10 വിക്കറ്റും വീഴ്ത്താനാകുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. പന്തില്‍ റിവേഴ്‌സ് സ്വിങ് ലഭിക്കാന്‍ തുടങ്ങിയതോടെ ബുംറ പന്ത് നല്‍കാന്‍ ആവശ്യപ്പെട്ടു. ആ സ്‌പെല്‍ എറിഞ്ഞ ബുംറ രണ്ടു പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി മത്സരം ഞങ്ങള്‍ക്ക് അനുകൂലമാക്കി. ഇത്തരമൊരു പിച്ചില്‍ 22 ഓവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങുക എന്നത് വലിയ പ്രയത്‌നം തന്നെയാണ്.'' - മത്സര ശേഷം കോലി പറഞ്ഞു. 

ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി തിളങ്ങിയ ഒലി പോപ്പ്, മധ്യനിരയിലെ വിശ്വസ്തന്‍ ജോണി ബെയര്‍സ്‌റ്റോ എന്നിവരെ രണ്ടാം ഇന്നിങ്‌സില്‍ നിലയുറപ്പിക്കാന്‍ സമ്മതിക്കാതെ ബുംറ പറഞ്ഞയക്കുകയായിരുന്നു. ഇരുവരെയും ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. 

രണ്ടാം ഇന്നിങ്‌സിലെ ഈ രണ്ടു വിക്കറ്റ് നേട്ടത്തോടെ ടെസ്റ്റ് കരിയറില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ പേസറെന്ന നേട്ടവും ബുംറ സ്വന്തമാക്കി. 25 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ കപില്‍ ദേവിനെയാണ് ബുംറ പിന്നിലാക്കിയത്.

Content Highlights: Virat Kohli hails India pacer Jasprit Bumrah gen for his breathtaking spell