അഹമ്മദാബാദ്: ഏറെ നാളുകള്‍ക്ക് ശേഷം വിരാട് കോലിയുടെ ബാറ്റ് ശബ്ദിക്കാന്‍ തുടങ്ങിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിലും കോലി അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. 

ഈ അര്‍ധ സെഞ്ചുറിയോടെ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ഒരു റെക്കോഡിനൊപ്പമെത്താനും കോലിക്ക് സാധിച്ചു.

ട്വന്റി 20-യില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരമെന്ന വില്യംസന്റെ റെക്കോഡിനൊപ്പമാണ് കോലി ഇപ്പോള്‍ എത്തിയിരിക്കുന്നത്. 

11 അര്‍ധ സെഞ്ചുറികളാണ് ഇരു ക്യാപ്റ്റന്‍മാരുടെയും അക്കൗണ്ടിലുള്ളത്. കഴിഞ്ഞ ദിവസം കോലി 46 പന്തില്‍ നിന്നാണ് 77 റണ്‍സടിച്ചത്. 

നേരത്തെ അന്താരാഷ്ട്ര ട്വന്റി 20-യില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു.

ഒമ്പത് അര്‍ധ സെഞ്ചുറികളുമായി ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനുമാണ് കോലിയുടെയും വില്യംസന്റെയും പിന്നാലെയുള്ളത്.

Content Highlights: Virat Kohli Goes Level With Kane Williamson For T20 Fifty