ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ പകരംവെയ്ക്കാനില്ലാത്ത താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. അക്രമണോത്സുകതയും താന്‍പോരിമയും നിറഞ്ഞ തുടക്കകാലത്തിനു ശേഷം പക്വതയും വിജയിക്കാനുള്ള ദാഹവുമുള്ള ഇന്നത്തെ താരത്തിലേക്കുള്ള കോലിയുടെ വളര്‍ച്ച കഠിനമായ പരിശ്രമത്തിന്റേതായിരുന്നു. ആരാധകര്‍ റണ്‍ മെഷീന്‍ എന്നു വിളിക്കുന്ന കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 12 വര്‍ഷം തികയ്ക്കാനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് കോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രം ഏറെ ശ്രദ്ധനേടുകയും ചെയ്തു.

ഇന്ത്യയ്ക്കായി 2008-ല്‍ അരങ്ങേറ്റ മത്സരം കളിച്ചപ്പോഴത്തെ തന്റെ ചിത്രവും 2020-ല്‍ കളിച്ച ടെസ്റ്റ് മത്സരത്തിലെ ചിത്രവും ചേര്‍ത്തുവെച്ചാണ് കോലി ഈ സന്തോഷം അറിയിച്ചത്. 'യാത്രയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. നിങ്ങള്‍ നല്‍കിയ പിന്തുണക്കും സ്നേഹത്തിനും ഞാനെന്നും നന്ദിയുള്ളവനായിരിക്കും', ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം കോലി കുറിച്ചു.

Virat Kohli gets nostalgic of 12-year international cricket journey

2008 ഓഗസ്റ്റ് 18-ന് ധാംബുള്ളയില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് കോലി ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു തലമുറ മാറ്റത്തിന്റെ തുടക്കമായിരുന്നു അതെന്ന് അന്ന് ആരും തന്നെ കരുതിയില്ല. പിന്നീട് മൂന്നു വര്‍ഷം കഴിഞ്ഞാണ് കോലി ഇന്ത്യയ്ക്കായി ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. ഇന്നിതാ 14 ടെസ്റ്റ് മത്സരങ്ങള്‍ കൂടി കളിച്ചാല്‍ 100 ടെസ്റ്റുകളെന്ന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് അദ്ദേഹം. 70 രാജ്യാന്തര സെഞ്ചുറികളോടെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ 100 സെഞ്ചുറികള്‍ക്കു പിന്നില്‍ രണ്ടാമതാണ് കോലി. ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ചുറികളും കോലിയുടെ പേരിലുണ്ട്.

രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഒരു പതിറ്റാണ്ടിനുള്ളില്‍ 20,000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന സമാനതകളില്ലാത്ത നേട്ടം കോലി സ്വന്തമാക്കിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഏകദിന ലോകകപ്പില്‍ വിന്‍ഡീസിനെതിരായ മത്സരത്തിലാണ് കോലി ഈ നേട്ടം പിന്നിട്ടത്. ടെസ്റ്റ് എന്നോ ഏകദിനമെന്നോ ട്വന്റി 20-യെന്നോ വൈറ്റ് ബോളെന്നോ റെഡ് ബോളെന്നോ പിങ്ക് ബോളെന്നോ വ്യത്യാസമില്ലാതെ അദ്ദേഹം യഥേഷ്ടം റണ്‍സടിച്ചുകൂട്ടി.

കഴിഞ്ഞ 10 വര്‍ഷം ക്രിക്കറ്റ് ലോകത്തെ വിരാട് കോലിയോളം അടക്കിഭരിച്ച മറ്റൊരു താരമുണ്ടോ എന്ന് സംശയമാണ്. 2008-ല്‍ ക്രിക്കറ്റിന്റെ അനന്തവിഹായസിലേക്ക് കാലെടുത്തുവെച്ച ഈ ഡല്‍ഹിക്കാരന്‍ ഇന്ന് ക്രിക്കറ്റിന്റെ മാത്രമല്ല ഫിറ്റ്നസിന്റെ കൂടി ഐക്കണാണ്.

ബാറ്റ്സ്മാനെന്ന നിലയില്‍ സച്ചിന്റെ റെക്കോഡുകള്‍ ഓരോന്നായി തിരുത്തിക്കുറിച്ചിരുന്ന കോലി ക്യാപ്റ്റനായ ശേഷം ധോനിയുടെയും റിക്കി പോണ്ടിങ്ങിന്റെയും നേട്ടങ്ങള്‍ പിന്നിട്ടാണ് ഇപ്പോള്‍ മുന്നേറുന്നത്. ഒരു പതിറ്റാണ്ടിനിടെ കോലി വാരിക്കൂട്ടിയ റണ്‍സിന്റെയും സെഞ്ചുറികളുടെയും കണക്കെടുത്താല്‍, അയാളുമായുള്ള താരതമ്യത്തിന് മറുഭാഗത്ത് മറ്റൊരു പേര് ചൂണ്ടിക്കാണിക്കാന്‍ കൂടിയില്ല.

ചരിത്രത്തില്‍ ആദ്യമായി ഒരേ വര്‍ഷം ഐ.സി.സിയുടെ എല്ലാ വ്യക്തിഗത പുരസ്‌കാരങ്ങളും സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടവും കോലിയെ തേടിയെത്തി. 2018-ലെ ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദ ഇയര്‍ (സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി), ഏകദിന-ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ കോലിക്കായിരുന്നു.

86 ടെസ്റ്റുകളില്‍ നിന്ന് 53.63 ശരാശരിയില്‍ 7240 റണ്‍സാണ് കോലി സ്വന്തമാക്കിയിരിക്കുന്നത്. 27 സെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. 248 ഏകദിനങ്ങളില്‍ നിന്ന് 59.34 ശരാശരിയില്‍ 11,867 റണ്‍സ്. 43 സെഞ്ചുറികളുമായി സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടക്കാനൊരുങ്ങുകയാണ് കോലി. 81 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 50.08 ശരാശരിയില്‍ 2794 റണ്‍സും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.

Content Highlights: Virat Kohli gets nostalgic of 12 year international cricket journey