സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായെങ്കിലും രണ്ടാം ഏകദിനത്തിനിടെ കരിയറിലെ നിര്‍ണായക നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഓസ്ട്രേലിയക്കെതിരേ നടന്ന രണ്ടാം ഏകദിനത്തില്‍ 87 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്സറുമടക്കം കോലി 89 റണ്‍സെടുത്തിരുന്നു.

കരിയറില്‍ 22,000 റണ്‍സെന്ന നാഴികക്കല്ലാണ് കോലി പിന്നിട്ടത്. കഴിഞ്ഞ ദിവസം സിഡ്‌നിയില്‍ വ്യക്തിഗത സ്‌കോര്‍ 11-ല്‍ എത്തിയപ്പോഴാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും വേഗത്തില്‍ 22,000 റണ്‍സ് ക്ലബ്ബിലെത്തുന്ന താരമാണ് വിരാട്. 418 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 

22,000 റണ്‍സ് ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കോലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം പിന്നിടുന്ന എട്ടാമത്തെ താരമാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍. 

സച്ചിന്‍ തെണ്ടുല്‍ക്കര്‍ - 782 ഇന്നിങ്‌സുകളില്‍ നിന്ന് 34,357 റണ്‍സ്, കുമാര്‍ സംഗക്കാര - 666 ഇന്നിങ്‌സുകളില്‍ നിന്ന് 28,016, റിക്കി പോണ്ടിങ് - 668 ഇന്നിങ്‌സുകളില്‍ നിന്ന് 27,483, മഹേള ജയവര്‍ധനെ - 725 ഇന്നിങ്‌സുകളില്‍ നിന്ന് 25,957, ജാക്ക് കാലിസ് - 617 ഇന്നിങ്‌സുകളില്‍ നിന്ന് 25,534, രാഹുല്‍ ദ്രാവിഡ് - 605 ഇന്നിങ്‌സുകളില്‍ നിന്ന് 24,208, ബ്രയാന്‍ ലാറ - 521 ഇന്നിങ്‌സുകളില്‍ നിന്ന് 22,358 റണ്‍സ് എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഇനി കോലിക്കു മുന്നിലുള്ളത്. 

മത്സരത്തിനിടെ ഓസീസിനെതിരേ ഏകദിനത്തില്‍ 2000 റണ്‍സ് തികയ്ക്കാനും കോലിക്കായി. 42 മത്സരങ്ങളില്‍ നിന്ന് എട്ടു സെഞ്ചുറികളടക്കം 52.50 ശരാശരിയിലാണ് കോലി ഓസീസിനെതിരേ 2000 റണ്‍സ് എടുത്തത്.

മത്സരത്തിനിടെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ ഒരു റെക്കോഡും കോലി സ്വന്തം പേരിലാക്കി. ഏകദിനത്തില്‍ ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടമാണ് ധോനിയെ മറികടന്ന് കോലി സ്വന്തമാക്കിയിരിക്കുന്നത്. ധോനിയുടെ 499 ബൗണ്ടറികളെന്ന റെക്കോഡ് കോലി 505 ആക്കി തിരുത്തി.

Content Highlights: Virat Kohli fastest to reach 22000 international runs