സോഷ്യല്‍ മീഡിയയിലെ ഏറ്റവും സജീവമായ കായിക താരങ്ങളില്‍ ഒരാളാണ് വിരാട് കോലി. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും കോലിയെ പിന്തുടരുന്ന നിരവധി ആരാധകരുണ്ട്. 23.2 മില്യന്‍ ഫോളോവേഴ്‌സ് ആണ് ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യന്‍ ക്യാപ്റ്റനുള്ളത്. എന്നാല്‍ കോലിക്ക് സോഷ്യല്‍ മീഡിയ ആരാധകരുമായി സംവദിക്കാനുള്ള വേദി മാത്രമല്ല, പണം സമ്പാദിക്കാനുള്ള മാര്‍ഗം കൂടിയാണ്. 

ഇന്‍സ്റ്റഗ്രാമില്‍ സ്‌പോണ്‍സേഡ് പോസ്റ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നേടുന്നവരുടെ പട്ടികയില്‍ ഇപ്പോള്‍ കോലിയുടെ പേരുമുണ്ട്. ഇന്‍സ്റ്റഗ്രാം ഷെഡ്യൂള്‍ ടൂള്‍ ആപ്പായ ഹോപ്പര്‍ എച്ച്.ക്യു.കോം നടത്തിയ സര്‍വേയില്‍ 17-ാം സ്ഥാനത്താണ് കോലി. ഓരോ പോസ്റ്റിനും 120,000 യുഎസ് ഡോളര്‍ (ഏകദേശം 82,45,000 ഇന്ത്യന്‍ രൂപ) ആണ് ഇന്ത്യന്‍ ക്യാപ്റ്റന് ലഭിക്കുന്ന തുക. 

കായിക താരങ്ങളുടെ പട്ടികയില്‍ ഒമ്പതാമതുള്ള കോലി അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം സ്റ്റീഫന്‍ കറിയേയും ബോക്‌സിങ് താരം മെയ്‌വെതറേയും പിന്നിലാക്കിയാണ് ഈ നേട്ടത്തിലെത്തിയത്. 

അമേരിക്കന്‍ മോഡലായ കെയ്ലി ജെന്നറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഒരു മില്യണ്‍ ഡോളറാണ് ജെന്നറിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്നത്. പോപ് ഗായിക സെലീന ഗോമസ് രണ്ടാം സ്ഥാനത്തും ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൂന്നാം സ്ഥാനത്തുമാണ്. 

Content Highlights:  Virat Kohli earns for one Instagram post more than 82 lakh rupees