സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറിയടിച്ച് കളിയിലെ താരവും പരമ്പരയിലെ താരവുമായി മാറിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് അപാര ഫോമിലാണ്.  96 പന്തില്‍ 129 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. സെഞ്ചുറി തികച്ചതാകട്ടെ 81 പന്തിലും. ഇങ്ങനെ പരമ്പരയില്‍ സ്ഥിരത പുലര്‍ത്താന്‍ കോലിക്ക് പ്രചോദനമായത് മറ്റാരുമല്ല, ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയാണ്.

'പരമ്പരയിലുടനീളം എനിക്ക് പ്രചോദനമായത് ഭാര്യ അനുഷ്‌ക ശര്‍മ്മയാണ്. അവള്‍ കൂടെയുണ്ടായിരുന്നു. എന്നോട് അടുപ്പമുള്ള എല്ലാവരും ഈ വിജയത്തില്‍ പങ്കാളികളാണ്. എന്റെ കരിയറില്‍ ഇനി എട്ടോ ഒമ്പതോ വര്‍ഷമേ ബാക്കിയുള്ളു. അത് നന്നായി വിനിയോഗിക്കണം. ഞാന്‍ ആരോഗ്യത്തോടെയിരിക്കുന്നതും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കുന്നതും അനുഗ്രഹമായാണ് കരുതുന്നത്. ' കോലി കൂട്ടിച്ചേര്‍ത്തു. 

ഇന്നത്തെ മത്സരം വളരെ മികച്ചതായി തോന്നി. കഴിഞ്ഞ തവണ അത്ര തൃപ്തിയുണ്ടായിരുന്നില്ല. ലൈറ്റിന് കീഴില്‍ ബാറ്റുചെയ്തത് വളരെ മനോഹരമായായിരുന്നു. അതുകൊണ്ടാണ് ആദ്യം ബൗളിങ് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. ലൈറ്റിന് കീഴിലാണ് പിച്ച് കൂടുതല്‍ ബാറ്റിങ്ങിന് അനുകൂലമെന്ന് എനിക്ക് തോന്നി. കോലി മത്സരശേഷം പ്രതികരിച്ചു. 

ടീമിലെ എല്ലാവരും മികച്ച രീതിയില്‍ കളിച്ചു. യുവ സ്പിന്നര്‍മാരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മുന്നില്‍ നിന്നു. ഇനി ടിട്വന്റി പരമ്പര നേടുകയാണ് ലക്ഷ്യം. കോലി വ്യക്തമാക്കി. 

Content Highlights: Virat Kohli Credits Anushka Sharma for Stunning ODI Form