ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 

നാലാം ദിനത്തില്‍ 96 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത കോലി ഇംഗ്ലണ്ട് മണ്ണില്‍ 1000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടവും സ്വന്തമാക്കി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കോലി. 

ഇതോടെ ഓസ്‌ട്രേലിയന്‍ മണ്ണിലും ഇംഗ്ലണ്ട് മണ്ണിലും 1000 ടെസ്റ്റ് റണ്‍സെന്ന നേട്ടവും കോലിക്ക് സ്വന്തമായി. കോലിക്കു മുമ്പ് ഈ നേട്ടവും സ്വന്തമാക്കിയത് സച്ചിനും ദ്രാവിഡുമാണ്. 

സച്ചിന് ഓസ്‌ട്രേലിയയില്‍ ടെസ്റ്റില്‍ 1809 റണ്‍സും ഇംഗ്ലണ്ടില്‍ 1575 റണ്‍സുമുണ്ട്. ദ്രാവിഡിന് യഥാക്രമം 1143 റണ്‍സും 1376 റണ്‍സുമാണ് ഇരു രാജ്യങ്ങളിലുമായുള്ളത്. കോലിക്ക് ഓസീസ് മണ്ണില്‍ 1352 ടെസ്റ്റ് റണ്‍സുണ്ട്. ഇപ്പോള്‍ ഇംഗ്ലണ്ട് മണ്ണിലും കോലി 1000 റണ്‍സ് തികച്ചു. 

അതേസമയം ഓസ്‌ട്രേലിയ (1682), ഇംഗ്ലണ്ട് (1960), ദക്ഷിണാഫ്രിക്ക (1075), ശ്രീലങ്ക (1004) എന്നീ രാജ്യങ്ങള്‍ക്കെതിരേ ആയിരത്തിലേറെ ടെസ്റ്റ് റണ്‍സെന്ന നേട്ടവും കോലിക്ക് സ്വന്തമാണ്. 

Content Highlights: Virat Kohli completes 1000 runs in England and Australia