ന്യൂഡൽഹി: ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർക്കും മുമ്പെ ടിക്ടോകിൽ സൂപ്പർ ഹീറോ ആയ ഒരു ഇന്ത്യൻ താരമുണ്ട്. ഇന്ത്യൻ സ്പിൻ ബൗളർ യൂസ്​വേന്ദ്ര ചാഹൽ. ചാഹലിന്റെ പല വീഡിയോകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അതു മാത്രല്ല, പല ക്രിക്കറ്റ് താരങ്ങളുടേയും ട്രോളുകൾക്കും ചാഹൽ ഇരയാകാറുണ്ട്.

സോഷ്യൽ മീഡിയയിൽ ആരു എന്തു ചെയ്താലും അവിടെയെല്ലാം ചാഹലുണ്ടാകുമെന്നാണ് പൊതുവേയുള്ള സംസാരം. അടുത്തിടെ വിൻഡീസ് താരം ക്രിസ് ഗെയ്ൽ നീയൊരു ശല്യക്കാരനാണെന്ന് ചാഹലിനെ പരിഹസിച്ചിരുന്നു.

ഇപ്പോഴിതാ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ചാഹലിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യൻ ഫുട്ബോൾ താരം സുനിൽ ഛേത്രിയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിനിടെ ചാഹൽ കമന്റുമായി വന്നതോടെയാണ് കോലി താരത്തെ ട്രോളിയത്.

ലൈവിനിടെ 'ഹലോ ഭയ്യാസ്' എന്നാണ് ചാഹൽ കമന്റ് ചെയ്തത്. പിന്നാലെ ഛേത്രിയെ പൊട്ടിച്ചിരിപ്പിച്ച് കോലി ചാഹലിനെ പരിഹസിച്ചു. ചാഹൽ എല്ലാ സ്ഥലങ്ങളിലും വലിഞ്ഞുകയറുമെന്നും അവന്റെ ഒരു പിരി അയഞ്ഞിരിക്കുകയാണെന്നും കോലി പരിഹസിച്ചു.

'ഛേത്രീ, ഒരു കാര്യം ശ്രദ്ധിക്കൂ, ഇവൻ എല്ലായിടത്തും വലിഞ്ഞുകയറും. ആരെങ്കിലും സംസാരിക്കാൻ കാത്തിരിക്കുകയാണ് അവൻ അതിനിടയിൽ വലിഞ്ഞുകയറാൻ. ലോക്ഡൗൺ കഴിയുന്ന ദിവസം ഇവൻ ടിക്ടോകും ഓണാക്കി റോഡിലൂടെ ഓടും. അവന് കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്. അവന്റെ ശരീരത്തിലെ ചില വയറുകൾ അയഞ്ഞുകിടക്കുകയാണ്. ഷോർട്ട് സർക്യൂട്ടുണ്ടായിട്ടുണ്ടെന്ന് തോന്നുന്നു' കോലിയുടെ ഈ വാക്കുകൾ കേട്ട് ഛേത്രിക്ക് ചിരി നിയന്ത്രിക്കാനായില്ല.

Content Highlights: Virat Kohli brutally trolls Yuzvendra Chahal