അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20-യില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷന്റെ ഇന്നിങ്‌സായിരുന്നു. 

ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ഇഷാന്‍ കിഷന്‍ 32 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സുമടക്കം 56 റണ്‍സെടുത്തു. കോലിക്കൊപ്പം രണ്ടാം വിക്കറ്റില്‍ കിഷന്‍ കൂട്ടിച്ചേര്‍ത്ത 94 റണ്‍സാണ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായത്. 

അരങ്ങേറ്റക്കാരന്റെ പതര്‍ച്ചകളൊന്നുമില്ലാതെ ബാറ്റ് വീശിയ ഇഷാന്‍ കിഷനായിരുന്നു മത്സരത്തിലെയും താരം. 

ഇപ്പോഴിതാ മത്സരത്തില്‍ അര്‍ധ സെഞ്ചുറി തികച്ചത് താന്‍ അറിഞ്ഞിരുന്നില്ലെന്നും ക്യാപ്റ്റന്‍ വിരാട് കോലിയാണ് അക്കാര്യം തന്നോട് പറഞ്ഞതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 

ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചാഹലുമൊത്തുള്ള സംഭാഷണത്തിനിടയിലാണ് ഇഷാന്‍ ഇക്കാര്യം പറഞ്ഞത്.

അര്‍ധ സെഞ്ചുറി തികച്ചത് സത്യത്തില്‍ താന്‍ അറിഞ്ഞിരുന്നില്ലെന്ന് ഇഷാന്‍ പറഞ്ഞു. പൊതുവെ അര്‍ധ സെഞ്ചുറി തികച്ചാല്‍ ബാറ്റ് ഉയര്‍ത്താന്‍ താല്‍പ്പര്യപ്പെടാത്തയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് വിരാട് കോലി എത്തിയാണ് താന്‍ അര്‍ധ സെഞ്ചുറി പിന്നിട്ടതായി പറഞ്ഞതും കാണികള്‍ക്ക് നേരെ ബാറ്റുയര്‍ത്താന്‍ ആവശ്യപ്പെട്ടതെന്നും ഇഷാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Virat Kohli asked me to raise my bat says Ishan Kishan