ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ട് ഒരുപാട് കാലങ്ങളായി. പൊതുവേദികളില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് മുതലാണ് പ്രണയ വാര്‍ത്തകള്‍ക്ക് ചൂട് പിടിക്കാന്‍ തുടങ്ങിയത്. 

പിന്നീട് കോലി  ഗ്രൗണ്ടില്‍ തിളങ്ങിയില്ലെങ്കില്‍ ആ ദേഷ്യം അനുഷ്‌കയുടെ പ്രൊഫൈലില്‍ തീര്‍ക്കുന്നതുവരെയെത്തി കാര്യങ്ങള്‍. ഇതിനെതിരെ കോലി പരസ്യമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. 

അനുഷ്‌കയുടെ സാന്നിധ്യം തന്റെ ഭാഗ്യമാണെന്ന് പറഞ്ഞിരിക്കുകയാണ് കോലിയിപ്പോള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കോലി മനസ്സ് തുറന്നത്. 

മൊഹാലിയില്‍ ടെസ്റ്റ് ക്രിക്കറ്റ് സീരീസ് നടക്കുമ്പോള്‍ അനുഷ്‌ക അവിചാരിതമായി കടന്നുവന്നു. ഞാന്‍ മെല്‍ബണില്‍ വച്ച് ആദ്യമായി ടെസ്റ്റ് ക്യാപ്റ്റനായപ്പോഴും അനുഷ്‌ക എനിക്കൊപ്പമുണ്ടായിരുന്നു. ആ നിമിഷകളെല്ലാം ഞങ്ങള്‍ ഒരുമിച്ച് പങ്കുവച്ചു. 

ടെസ്റ്റ് ക്രിക്കറ്റ് ക്യാപറ്റനായി എന്നെ പ്രഖ്യാപിച്ച സമയത്ത് അനുഷ്‌ക എനിക്കൊപ്പമുണ്ടായിരുന്നു. അനുഷ്‌കയോട് അത് പങ്കുവച്ചപ്പോള്‍ എന്റെ മനസ്സ് പഴയ കാലത്തേക്ക് മടങ്ങിപ്പോയി. അക്കാദമിയില്‍ കളിക്കുന്നത് മുതല്‍ മൊഹാലി ടെസ്റ്റ് വരെ എന്റെ ഓര്‍മകള്‍ സഞ്ചരിച്ചു. ഞാന്‍ കരഞ്ഞുപ്പോയി. കാരണം ഈ നേട്ടങ്ങളൊന്നും ഞാന്‍ സ്വപ്‌നം കണ്ടിരുന്നില്ല. അതിനേക്കാള്‍  സന്തോഷം തോന്നിയത് അനുഷ്‌കയോട് എനിക്ക് എല്ലാം തുറന്ന് പറയാന്‍ സാധിക്കുമെന്ന് അറിഞ്ഞപ്പോഴായിരുന്നു- കോലി പറഞ്ഞു.