മാഞ്ചെസ്റ്റര്‍: കായിക ലോകത്തെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റര്‍ നഗരം.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇപ്പോള്‍ മാഞ്ചെസ്റ്ററിലാണുള്ളത്.

യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫഡും ഇന്ത്യ - ഇംഗ്ലണ്ട് മത്സരം നടക്കുന്ന ഓള്‍ഡ് ട്രാഫഡ് ക്രിക്കറ്റ് ഗ്രൗണ്ടും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ആവേശത്തില്‍ ലങ്കാഷെയര്‍ ക്രിക്കറ്റ് ക്ലബ്ബ് ഷെയര്‍ ചെയ്ത ട്വീറ്റിന് മറുപടിയുമായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തന്നെ രംഗത്തെത്തുകയും ചെയ്തു. 'ഒരു നഗരം, രണ്ട് ഇതിഹാസങ്ങള്‍' എന്നായിരുന്നു യുണൈറ്റഡിന്റെ കമന്റ്. 

വെള്ളിയാഴ്ച ഇംഗ്ലണ്ടിനെതിരേ ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റിനായുള്ള ഒരുക്കത്തിലാണ് വിരാട് കോലിയും സംഘവും. ഒരു ജയമോ സമനിലയോ നേടിയാല്‍ കോലിക്കും സംഘത്തിനും പരമ്പര സ്വന്തമാക്കാം. 

മറുവശത്ത് 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് റൊണാള്‍ഡോ യുണൈറ്റഡിന്റെ തട്ടകത്തിലേക്ക് തിരിച്ചെത്തുന്നത്. ശനിയാഴ്ച ഓള്‍ഡ് ട്രാഫഡില്‍ ന്യൂകാസിലിനെതിരായ മത്സരത്തിലാകും റോണോയുടെ രണ്ടാം അരങ്ങേറ്റം.

2003 മുതല്‍ 2009 വരെ യുണൈറ്റഡിന്റെ താരമായിരുന്നു റൊണാള്‍ഡോ. ആറ് സീസണുകളില്‍ യുണൈറ്റഡില്‍ കളിച്ച റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും അടക്കമുള്ള കിരീടനേട്ടങ്ങളിലും പങ്കാളിയായിരുന്നു. പിന്നീട് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയ താരം അവിടെ നിന്ന് ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിലേക്ക് പോയിരുന്നു. അവിടെ നിന്നാണ് യുണൈറ്റഡിലേക്ക് മടങ്ങിയെത്തുന്നത്.

Content Highlights: Virat Kohli and Cristiano Ronaldo Two goats and one city says Manchester United