അഹമ്മദാബാദ്: ക്രിക്കറ്റ് മൈതാനത്ത് സ്ലെഡ്ജിങ് ഒരു കലയാണെങ്കില്‍ അതിലെ മികച്ച കലാകാരന്‍മാരില്‍ ഒരാളാണ് വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ സെഷനില്‍ തന്നെ അത്തരമൊരു കാഴ്ചയ്ക്ക് സ്‌റ്റേഡിയം സാക്ഷിയായി. 

ഇംഗ്ലണ്ട താരം ബെന്‍ സ്‌റ്റോക്ക്‌സാണ് കോലിയുടെ നാക്കിന്റെ ചൂടറിഞ്ഞത്. 

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് സ്‌റ്റോക്ക്‌സ് ക്രീസിലെത്തുന്നത്. തനിക്കെതിരേ ഒരു ബൗണ്‍സര്‍ എറിഞ്ഞ സിറാജിനു നേരെ സ്‌റ്റോക്ക്‌സ് എന്തോ പറഞ്ഞു. സിറാജും തിരിച്ചടിച്ചു. 

ഇതിനു പിന്നാലെയാണ് തന്റെ ബൗളറോട് എന്തോ പറഞ്ഞ സ്റ്റോക്ക്‌സിനു നേരെ കോലി തിരിഞ്ഞത്. ഓവര്‍ കഴിഞ്ഞതിനു പിന്നാലെ കോലിയും സ്‌റ്റോക്ക്‌സും മൈതാന മധ്യത്ത് കുറച്ച് നേരം വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി. 

ഒടുവില്‍ അമ്പയര്‍ നിതിന്‍ മേനോന്‍ എത്തിയാണ് ഇരുവരെയും രണ്ടു വഴിക്കാക്കിയത്. തന്റെ ടീം അംഗങ്ങള്‍ക്കു നേരെ ആരെങ്കിലും സ്ലെഡ്ജ് ചെയ്താല്‍ ഒരിഞ്ചു പോലും വിട്ടുകൊടുക്കാത്ത കോലിയുടെ സ്വഭാവമാണ് ഇവിടെയും കണ്ടത്.

Content Highlights: Virat Kohli and Ben Stokes face off after Mohammed Siraj bouncer