ജമൈക്ക: ട്രാക്കിലെ വേഗരാജാവ് ഉസൈൻ ബോൾട്ടിന് ഇരട്ടക്കുട്ടികൾ പിറന്നു. ബോൾട്ടിന്റെ പങ്കാളി കാസി ബെന്നറ്റ് മക്കളുടെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ഒരു വയസ്സുള്ള മകൾക്കും ഇരട്ടക്കുട്ടികൾക്കും ഉസൈൻ ബോൾട്ടിനുമൊപ്പമുള്ള ചിത്രമാണ് കാസി പങ്കുവെച്ചത്.

മക്കളുടെ പേരും ചിത്രത്തിനൊപ്പം കാസി ചേർത്തിട്ടുണ്ട്. തണ്ടർ ബോൾട്ട് എന്നും സെന്റ് ലിയോ ബോൾട്ട് എന്നുമാണ് ഇരട്ടക്കുട്ടികളുടെ പേര്. ഒരു വയസ്സുള്ള മൂത്ത മകളുടെ പേര് ഒളിമ്പിയ ലൈറ്റ്നിങ് ബോൾട്ട് ആണ്.

ഈ ചിത്രത്തോടൊപ്പം മക്കളുടെ പേരും സോഷ്യൽ മീഡിയയിൽ ചർച്ചയായി. ലൈറ്റ്നിങ്ങും തണ്ടറും ഉള്ള വീട്ടിൽ എപ്പോഴും കൊടുങ്കാറ്റായിരിക്കുമല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

2020 മെയിലാണ് ഒളിമ്പിയ ജനിച്ചത്. മകൾ പിറന്ന് രണ്ട് മാസത്തിന് ശേഷമാണ് അന്ന് ബോൾട്ട് പേര് പങ്കുവെച്ചത്. എന്നാൽ തണ്ടറിന്റേയും ലിയോയുടേയും ജനന തിയ്യതി ബോൾട്ട് പുറത്തുവിട്ടിട്ടില്ല.

Content Highlights: Usain Bolt and partner Kasi Bennett welcome newborn twin sons Thunder and Saint Leo