കൊല്‍ക്കത്ത: ഔദ്യോഗിക ചുമതലകള്‍ തടസമില്ലാതെ നടക്കാനായി കഴിഞ്ഞ നാലര മാസത്തിനിടെ നടത്തിയത് 22 കോവിഡ്-19 പരിശോധനകളെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.

സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ദുബായില്‍ നടന്ന ഈ വര്‍ഷത്തെ ഐ.പി.എല്ലിന്റെ തിരക്കിലായിരുന്നു അദ്ദേഹം. ആ സമയത്ത് തനിക്ക് ചുറ്റും പല കോവിഡ് പോസിറ്റീവ് കേസുകളും ഉണ്ടായിരുന്നതിനാല്‍ ഇടയ്ക്കിടക്ക് പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നിരുന്നു.

''മാതാപിതാക്കള്‍ക്കൊപ്പമാണ് ഞാന്‍ താമസിക്കുന്നത്. ആദ്യം ഞാന്‍ ദുബായിലേക്ക് യാത്ര ചെയ്തിരുന്നു. അപ്പോഴെല്ലാം എനിക്ക് ആശങ്കയുണ്ടായിരുന്നു. അത് എന്നെപ്പറ്റി മാത്രം ആയിരുന്നില്ല. ചുറ്റുമുള്ളവരെ കുറിച്ച് കൂടിയായിരുന്നു. കാരണം ഈ രോഗം നിങ്ങളില്‍ നിന്ന് മറ്റൊരാള്‍ക്ക് പകരരുതെന്ന ചിന്ത എപ്പോഴുമുണ്ടാകും.'' - ഗാംഗുലി പറഞ്ഞു.

ഐ.പി.എല്ലിനിടെ 400 പേരാണ് ബയോ ബബിളിനുള്ളില്‍ കഴിഞ്ഞിരുന്നത്. ആ രണ്ടര മാസത്തിനിടെ എല്ലാവരുടെയും സുരക്ഷയേയും ആരോഗ്യത്തെയും കരുതി നാലായിരത്തോളം കോവിഡ് പരിശോധനകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Underwent 22 Covid-19 tests in last four and half months said Sourav Ganguly