ബ്രിസ്‌ബെയ്ന്‍: കഴിഞ്ഞ ഐ.പി.എല്ലിനും ഏകദിന ലോകകപ്പിനും പിന്നാലെ വീണ്ടും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി നോബോള്‍ വിവാദം. ഓസ്‌ട്രേലിയയും പാകിസ്താനും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ അമ്പയറിങ്ങാണ് വിവാദത്തിലായിരിക്കുന്നത്. 

മത്സരത്തിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച ആദ്യ രണ്ടു സെഷനില്‍ പാക് ബൗളര്‍മാര്‍ എറിഞ്ഞ 21 നോബോളുകളാണ് അമ്പയര്‍മാര്‍ ശ്രദ്ധിക്കാതെ പോയത്. ഈ 21 നോബോളുകളില്‍ 20 എണ്ണവും എറിഞ്ഞത് പാകിസ്താന്റെ അരങ്ങേറ്റ താരം നസീം ഷായാണ്. നസീമിന്റെ പന്തില്‍ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ പുറത്തായെങ്കിലും പിന്നീട് നോബോളാണെന്ന് വ്യക്തമായി.

ടെസ്റ്റിന്റെ സംപ്രേക്ഷണാവകാശമുള്ള ചാനല്‍ സെവനാണ് അമ്പയര്‍മാരുടെ ഈ ഗുരുതര പിഴവ് പുറത്തുവിട്ടത്. 21 നോബോളുകളുടെയും വീഡിയോയും ചാനല്‍ പുറത്തുവിട്ടു. മുന്‍ ഓസീസ് താരവും നിലവില്‍ ക്രിക്കറ്റ് അനലിസ്റ്റുമായ ട്രെന്റ് കോപ്ലാന്‍ഡ് ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് ഐ.സി.സിയുടെ അടിയന്തര ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്.

ആദ്യ ദിനം പാകിസ്താന്റെ ബാറ്റിങ്ങിനിടെ പാറ്റ് കമ്മിന്‍സിന്റെ നോബോളില്‍ പാക് താരം മുഹമ്മദ് റിസ്വാനെ തേഡ് ഇമ്പയര്‍ പുറത്താക്കിയതും വിവാദമായിരുന്നു.

അതേസമയം മത്സരത്തില്‍ ഓസീസ് വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 493 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. അവര്‍ക്കിപ്പോള്‍ 253 റണ്‍സ് ലീഡുണ്ട്.

Content Highlights: Umpires Miss 21 No-Balls in Two Sessions of Australia Pakistan first Test