ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ കിവീസ് ബാറ്റ്‌സ്മാന്‍മാരെ കബളിപ്പിക്കാന്‍ ശ്രമിച്ച ടീം ഇന്ത്യയ്ക്ക് അമ്പയറുടെ താക്കീത്. 

രണ്ടാം ഇന്നിങ്‌സ് 132 റണ്‍സ് മാത്രം പ്രതിരോധിക്കേണ്ടപ്പോള്‍ തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ടീം ഇന്ത്യയുടെ ഈ കള്ളക്കളി. എന്നാല്‍ അമ്പയര്‍ ഇടപെട്ട് ഈ തന്ത്രം പൊളിക്കുകയും ടീമിനെ താക്കീത് ചെയ്യുകയും ചെയ്തു.

കിവീസ് ഓപ്പണര്‍മാരായ ടോം ലാഥമും ടോം ബ്ലെന്‍ഡലും ബാറ്റു ചെയ്യുന്നതിനിടെ ഇരുവര്‍ക്കുമിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി റണ്ണൗട്ട് അവസരം സൃഷ്ടിക്കാനായിരുന്നു ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ശ്രമം.

ഇതിനായി കിവീസ് ഓപ്പണര്‍മാര്‍ സിംഗിളുകളെടുക്കുമ്പോള്‍ രണ്ട് റണ്‍സെന്ന് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ഉറക്കെ വിളിച്ച് പറയുകയായിരുന്നു. രണ്ട് റണ്‍സെടുക്കാന്‍ ഒട്ടും സാധ്യതയില്ലാത്ത അവസരങ്ങളിലായിരുന്നു ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ഇത്തരത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്.

എന്നാല്‍ ഇന്നിങ്‌സിന്റെ നാലാം ഓവറില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇത്തരത്തില്‍ ശ്രമിച്ചതോടെ അമ്പയറായ റിച്ചാര്‍ഡ് കെറ്റെല്‍ബര്‍ഗ് വിഷയത്തില്‍ ഇടപെടുകയും ക്യാപ്റ്റന്‍ വിരാട് കോലിയോട് ഇത്തരത്തില്‍ വിളിച്ച് പറയുന്നത് അവസാനിപ്പിക്കാന്‍ ഫീല്‍ഡര്‍മാരോട് പറയണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

എന്നാല്‍ ഫീല്‍ഡര്‍മാര്‍ക്ക് മുന്നിറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു ഇതിന് കോലിയുടെ മറുപടി. എന്നാല്‍ അമ്പയര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതോടെ ടീം ഇന്ത്യ ഈ തന്ത്രം ഉപേക്ഷിക്കുകയായിരുന്നു.

Content Highlights: Umpire warns Virat Kohli and team for Foul play