മുംബൈ: പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് പറ്റിയ അബദ്ധം ആഘോഷിച്ച് സോഷ്യല്‍ മീഡിയ. അച്ചടക്കരഹിതമായ പെരുമാറ്റത്തെ തുടര്‍ന്ന് സൈഡ് ബെഞ്ചിലായിരുന്ന ഉമര്‍ അക്മല്‍ ട്വന്റി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ വീണ്ടും തലവേദന സൃഷ്ടിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയുടെ മുന്‍ താരമായ മാക്‌സ് വാല്‍ക്കറുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുന്‍ പാക് പരിശീലകന്‍ ഡേവ് വാട്ട്‌മോറിട്ട ട്വീറ്റാണ് ഉമര്‍ അക്മലിന് വിനയായത്. ടാന്‍ഗ്ലസ് എന്ന് വിളിപ്പേരുള്ള വാല്‍ക്കറുടെ മരണത്തില്‍ വളരെ സങ്കടമുണ്ടെന്നും അദ്ദേഹം മികച്ച കളിക്കാരനായിരുന്നുവെന്നും പറഞ്ഞായിരുന്നു വാട്ട്‌മോറിന്റെ ട്വീറ്റ്. ഇതിന് മറുപടിയായി ഉമര്‍ അക്മല്‍ വളരെ നന്നായിരിക്കുന്നു എന്ന് റീട്വീറ്റ് ചെയ്യുകയായിരുന്നു.
സഹതാരം അഹ്മദ് ഷെഹ്‌സാദ് തെറ്റ് ചൂണ്ടിക്കാട്ടിയതോടെ ഉമര്‍ അക്മല്‍ ട്വീറ്റ് നീക്കം ചെയ്യുകയും ക്ഷമ ചോദിക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും അത് ട്വിറ്ററിലെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞിരുന്നു. ഉമര്‍ അക്മലിനെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.