പൊച്ചഫ്ട്രൂം (ദക്ഷിണാഫ്രിക്ക): ബംഗ്ലാദേശിനെതിരായ അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പരസ്പര ധാരണയില്ലായ്മ തുറന്നുകാട്ടിയ മത്സരമായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിനിടെ പലപ്പോഴും ബാറ്റ്‌സ്മാന്‍മാര്‍ തമ്മിലുള്ള ആശയക്കുഴപ്പം കാണാമായിരുന്നു.

ഇത്തരത്തിലുള്ള ആശയക്കുഴപ്പത്തിലാണ് റണ്‍ ഔട്ടിലൂടെ ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായത്. ഇന്ത്യയ്‌ക്കെതിരായ സെമിയില്‍ പാകിസ്താന്‍ താരങ്ങളായ റുഹൈല്‍ നസീറും ഖാസിം അക്രവും തമ്മിലുണ്ടായ ധാരണപ്പിശകിന് സമാനമായിരുന്നു ഇതും. 

റാക്കിബുള്‍ എറിഞ്ഞ മത്സരത്തിലെ 43-ാം ഓവറിലായിരുന്നു സംഭവം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ധ്രുവ് ജുറെല്‍ പന്ത് പോയന്റിലേക്ക് കളിച്ച് സിംഗിളെടുക്കാന്‍ ശ്രമിച്ചതായിരുന്നു. പക്ഷേ മറുവശത്തുണ്ടായിരുന്ന അഥര്‍വ അങ്കോലേക്കര്‍ ഓട്ടം തുടങ്ങിയെങ്കിലും പന്ത് ഫീല്‍ഡറുടെ നേര്‍ക്ക് പോകുന്നതു കണ്ട് ഓട്ടം നിര്‍ത്തി തിരികെ ക്രീസിലേക്ക് കയറി. ധ്രുവും ഓടിക്കയറിയത് ഇതേ ക്രീസിലേക്ക്. പന്ത് ലഭിച്ച വിക്കറ്റ് കീപ്പര്‍ ഇതിനോടകം ബാറ്റിങ് എന്‍ഡിലെ ബെയ്ല്‍സ് ഇളക്കിയിരുന്നു.

ആരാണ് ഔട്ടെന്ന കാര്യത്തില്‍ ഫീല്‍ഡ് അമ്പയര്‍ക്കും സംശയമായി. ഏറെ നേരത്തെ ആശയക്കുഴപ്പത്തിനൊടുവില്‍ തീരുമാനം വന്നു, ധ്രുവ് ഔട്ട്. ഇന്നിങ്‌സിലെ റണ്‍ ഔട്ട് ദുരന്തം ഇവിടംകൊണ്ടും തീര്‍ന്നില്ല. 44-ാം ഓവറില്‍ ഷൊരിഫുലിന്റെ പന്തില്‍ ഇല്ലാത്ത റണ്ണിനോടി രവി ബിഷ്‌ണോയിയും വിക്കറ്റ് കളഞ്ഞു.

Content Highlights: u19 cricket world cup Comedy Of Errors As Dhruv Jurel Gets Run Out