ക്രൈസ്റ്റ്ചര്‍ച്ച്: വനിതാ ക്രിക്കറ്റ് താരങ്ങളായ ന്യൂസീലന്‍ഡിന്റെ ഹെയ്‌ലി ജെന്‍സണും ഓസ്‌ട്രേലിയയുടെ നിക്കോളാ ഹാന്‍കോക്കും വിവാഹിതരായി. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗ് ക്ലബ്ബായ മെല്‍ബണ്‍ സ്റ്റാര്‍സ് ആണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ഒപ്പം വിവാഹ ചിത്രവുമുണ്ട്.

മെല്‍ബണ്‍ സ്റ്റാര്‍സില്‍ ഒരുമിച്ചു കളിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. നിക്കോളാ ഹാന്‍കോക്ക് ഇപ്പോഴും മെല്‍ബണ്‍ സ്റ്റാര്‍സിന്റെ താരമാണ്. എന്നാല്‍ ഹെയ്‌ലി ജെന്‍സണ്‍ രണ്ട് സീസണിന് ശേഷം ക്ലബ്ബ് വിട്ടു. 

രാജ്യാന്തര ക്രിക്കറ്റില്‍ സ്വവര്‍ഗ വിവാഹിതരാകുന്ന മൂന്നാമത്തെ ദമ്പതികളാണ് നിക്കോളയും ഹെയ്‌ലിയും. ന്യൂസീലന്‍ഡ് ദേശീയ വനിതാ ടീം താരങ്ങളായ ആമി സാറ്റര്‍ത്‌വൈറ്റ് - ലീ തഹൂഹൂ എന്നിവരാണ് സ്വവര്‍ഗ വിവാഹിതരായ ആദ്യ താരങ്ങള്‍. പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വനിതാ ടീം ക്യാപ്റ്റന്‍ ഡെയ്ന്‍ വാന്‍ നീകര്‍ക്കും സഹതാരം മാരിസണ്‍ കാപ്പും വിവാഹിതരായി. 

2013 ഓഗസ്റ്റ് 13 മുതല്‍ ന്യൂസീലന്‍ഡില്‍ സ്വവര്‍ഗ വിവാഹം അനുവദനീയമാണ്. ഓസ്‌ട്രേലിയയിലും സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയുണ്ട്. 

Content Highlights: Two women cricketers from Australia, New Zealand get married