മുംബൈ: സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അറിയാൻ ആരാധകർക്ക് ഏറെ താത്‌പര്യമാണ്. ബോളിവുഡ് താരങ്ങളാണെങ്കിലും ക്രിക്കറ്റ് താരങ്ങളാണെങ്കിലും ഈ താത്‌പര്യം ഒരുപോലെയാണ്. താരങ്ങളുടെ ജീവിതത്തിലെ ഒരു ഇലയനക്കം പോലും ആരാധകർ വീക്ഷിക്കും. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിലെ താരങ്ങളുടെ പോസ്റ്റുകളായിരിക്കും ആരാധകർ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. അങ്ങനെ ഒരു പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അഭ്യൂഹങ്ങൾ പരക്കുന്നത്. യുവ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലും സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറാ തെണ്ടുൽക്കറുമാണ് കഥയിലെ നായികാനായകൻമാർ.

ഗില്ലും സാറയും ഇരുവരുടേയും ചിത്രങ്ങൾക്ക് ഒരേ ക്യാപ്ഷൻ ഉപയോഗിച്ചതാണ് ആരാധകർ കണ്ടെത്തിയിരിക്കുന്ന രഹസ്യം. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന് വരെ വാർത്തകൾ പരന്നു. ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾക്ക് ഇരവരും പരസ്പരം പ്രതികരിക്കാറുണ്ടെന്നും ആരാധകർ കണ്ടുപിടിച്ചുകഴിഞ്ഞു.

കഴിഞ്ഞ ദിവസമാണ് ശുഭ്മാനും സാറയും ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവെച്ചത്. ഇരുവരും ആ ഫോട്ടോയ്ക്ക് കൊടുത്ത ക്യാപ്ഷൻ 'ഐ സ്പൈ' എന്നാണ്. ഇതോടെ ശുഭ്മാനെ കഥാപാത്രമാക്കി നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. അടുത്ത രക്ഷാബന്ധന് സാറ ശുഭ്മാന് രാഖി കെട്ടിക്കൊടുക്കുന്നതാണ് നല്ലതെന്ന് ചിലർ പറയുന്നു.

ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ ശുഭ്മാൻ ഇതുവരെ 27 മത്സരങ്ങളിൽ നിന്ന് 499 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിൽ ന്യൂസീലൻഡിനെതിരേ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറി. 20 വയസ്സുകാരനായ താരം ഇതുവരെ ഇന്ത്യയ്ക്കുവേണ്ടി രണ്ട് ഏകദിനങ്ങളിൽ മാത്രമാണ് കളിച്ചത്. രണ്ട് വർഷം മുമ്പ് അണ്ടർ-19 ലോകകപ്പിലെ പ്രകടനത്തോടെയാണ് ഗിൽ വാർത്തകളിൽ ഇടം നേടുന്നത്.

 

Content Highlights: Twitter trolls Shubman Gill for using same caption as Sara Tendulkar