ലണ്ടന്‍: കഴിഞ്ഞ ദിവസം എഫ്.എ കപ്പില്‍ ടോട്ടനവും നോര്‍വിച്ച് സിറ്റിയും തമ്മില്‍ നടന്ന മത്സരത്തിനു പിന്നാലെ നടന്നത് നാടകീയ സംഭവങ്ങള്‍. തന്റെ സഹോദരനെ അധിക്ഷേപിച്ച ആരാധകനെ നേരിടാന്‍ ടോട്ടനം താരം എറിക് ഡയര്‍ ഗ്യാലറിയിലേക്ക് ഓടിക്കയറിയത് വിവാദമായി.

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു ടോട്ടനത്തിന്റെ തോല്‍വി. ഇതോടെ ഗാലറിയിലെ ഒരു ആരാധകന്‍ എറിക്കിന്റെ സഹോദരന് നേരെ തിരിയുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു. ഇതോടെ താരം ബാരിക്കേഡുകള്‍ ചാടിക്കടന്ന് ആരാധകനെ നേരിടാന്‍ ഗാലറിയിലേക്ക് കയറുകയായിരുന്നു.

എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരും മറ്റ് ആരാധകരും ചേര്‍ന്ന് താരത്തെ തടയുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഡയര്‍ ചെയ്തത് പ്രൊഫഷനല്‍ താരങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തതാണെന്നു പറഞ്ഞ കോച്ച് ഹോസെ മൗറീന്യോ കുടുംബത്തെ അധിക്ഷേപിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. അതേസമയം സംഭവത്തില്‍ താരത്തിനെതിരേ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകനെ കുറ്റക്കാരനെന്ന് കണ്ടാല്‍ ഭാവിയില്‍ സ്റ്റേഡിയങ്ങളില്‍ നിന്നും വിലക്കുകയും ചെയ്‌തേക്കും.

Content Highlights: Tottenham's Eric Dier runs into stands to confront fan