ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ എം.എസ് ധോനി. ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ശേഷം പിന്നീടൊരു തിരിച്ചുപോക്ക് ധോനിക്ക് ഉണ്ടായിരുന്നില്ല. 2004-ലെ ദുലീപ് ട്രോഫിയാണ് ധോനിയുടെ കരിയറില്‍ ബ്രേക്കായത്. 

ഇപ്പോഴിതാ അന്നത്തെ ദുലീപ് ട്രോഫി ഫൈനലില്‍ ധോനിയെ വിക്കറ്റ് കീപ്പറാക്കണമെന്ന കാര്യം സൗരവ് ഗാംഗുലിയെ പറഞ്ഞ് ബോധ്യപ്പെടുത്താനെടുത്ത കഷ്ടപ്പാടിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ താരവും മുഖ്യ സെലക്ടറുമായിരുന്ന കിരണ്‍ മോറെ.

2004-ല്‍ ദീപ്ദാസ് ഗുപ്തയ്ക്ക് പകരം ധോനിയെ ദുലീപ് ട്രോഫി ഫൈനലില്‍ വിക്കറ്റ് കീപ്പറായി കളിപ്പിക്കണമെന്നായിരുന്നു മോറെ ആവശ്യപ്പെട്ടത്. അന്ന് 22-കാരനായ ധോനി ഈസ്റ്റ് സോണിനായി വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്റ്‌സ്മാനുമായി കളിക്കുന്ന സമയമാണ്. 

''ഞങ്ങള്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ തിരയുകയായിരുന്നു. ആറാമതോ ഏഴാമതോ ഇറങ്ങി പെട്ടെന്ന് 40-50 റണ്‍സ് അടിച്ചുകൂട്ടുന്ന ഒരു പവര്‍ ഹിറ്റര്‍ക്കായുള്ള അന്വേഷണം. ആ ഇടയ്ക്കാണ് സഹപ്രവര്‍ത്തകരില്‍ നിന്ന് ധോനിയുടെ വമ്പനടികളെ കുറിച്ച് കേള്‍ക്കുന്നതും അതിന് സാക്ഷിയാകുന്നതും. ഒരു മത്സരത്തില്‍ ടീം ടോട്ടലായ 170 റണ്‍സില്‍ 130-ഉം ധോനി നേടുന്നതിനും സാക്ഷിയായി.'' - ഒരു യൂട്യൂബ് ഷോയില്‍ മോറെ വെളിപ്പെടുത്തി.

ഇതോടെ മോറെ നേരേ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലിയുടെ അടുത്തെത്തി ദുലീപ് ട്രോഫി ഫൈനലില്‍ ധോനിക്ക് ഒരു അവസരം നല്‍കണമെന്ന് ബോധ്യപ്പെടുത്തി.

''ഫൈനലില്‍ വിക്കറ്റ് കീപ്പറായി ധോനി കളിക്കണമെന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. ഇക്കാര്യത്തില്‍ സൗരവ് ഗാംഗുലിയും ദീപ് ദാസ് ഗുപ്തയുമായി ധാരാളം ചര്‍ച്ച നടത്തി. ദീപ്ദാസ് ഗുപ്തയോട് വിക്കറ്റ് കീപ്പ് ചെയ്യരുതെന്നും ധോനി കീപ്പ് ചെയ്യട്ടേയെന്നും ഗാംഗുലിയേയും സെലക്ടറേയും പറഞ്ഞ് ബോധ്യപ്പെടുത്താന്‍ 10 ദിവസത്തോളമെടുത്തു.'' - മോറെ കൂട്ടിച്ചേര്‍ത്തു. 

ഫൈനലില്‍ ആദ്യ ഇന്നിങ്‌സില്‍ 21 റണ്‍സെടുത്ത ധോനി രണ്ടാം ഇന്നിങ്‌സില്‍ 47 പന്തില്‍ നിന്ന് 60 റണ്‍സടിച്ചു.

Content Highlights: Took 10 days to convince Sourav Ganguly to let MS Dhoni keep wickets