മെല്‍ബണ്‍: മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍ വാക്‌പ്പോര് തുടരുകയാണ്. കഴിഞ്ഞ ദിവസം രോഹിത് ശര്‍മ്മയാണ് പെയ്‌നിന്റെ ഇരയെങ്കില്‍ മൂന്നാം ദിനത്തില്‍ ഋഷഭ് പന്തിനെയാണ് പെയ്ന്‍ 'ചൊറിഞ്ഞത്'. പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കോലിയും പെയ്‌നും തമ്മിലുള്ള വാക്കുതര്‍ക്കം ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മെല്‍ബണിലും വിക്കറ്റിന് പിന്നില്‍ നിന്ന് പെയ്ന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ചൂടുപിടിപ്പിക്കുന്നത് തുടര്‍ന്നത്‌.

ഋഷഭിനെ അങ്ങേയറ്റം പരിഹസിക്കുന്ന രീതിയിലായിരുന്നു പെയ്‌നിന്റെ സംസാരം. എം.എസ് ധോനി ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമില്‍ തിരിച്ചെത്തിയത് മുന്‍നിര്‍ത്തിയായിരുന്നു പെയ്‌നിന്റെ പരിഹാസം. വല്യേട്ടന്‍ ധോനി ടീമില്‍ തിരിച്ചെത്തിയതിനാല്‍ ഋഷഭിന് ബിഗ് ബാഷ് ലീഗിലേക്ക് ക്ഷണിക്കുകയായിരുന്നു പെയ്ന്‍. 

സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത പെയ്‌നിന്റെ സംസാരം ഇങ്ങനെയാണ്: 

വല്യേട്ടന്‍ ടീമില്‍ തിരിച്ചെത്തിയല്ലോ...ഇനി നിനക്ക് മത്സരമൊന്നുമുണ്ടാകില്ല. നമുക്ക് ബിഗ് ബാഷ് ലീഗില്‍ ഒരുകൈ നോക്കാം. ഹൊബാര്‍ട്ട് ഹറികെയ്ന്‍സിന് ഒരു ബാറ്റ്‌സ്മാനെ എന്തായാലും വേണം. മനോഹരമായ ഹൊബാര്‍ട്ടില്‍ താമസിച്ച് ഓസ്‌ട്രേലിയയിലെ അവധിക്കാലം കൂടുതല്‍ ദിവസത്തേക്ക് നീട്ടുകയും ചെയ്യാം. വാട്ടര്‍ ഫ്രണ്ട് അപാര്‍ട്ട്മെന്റ് വേണമെങ്കില്‍ അതും സംഘടിപ്പിച്ച് തരാം. ഞാന്‍ എന്റെ ഭാര്യയുമായി സിനിമയ്ക്ക് പോകുമ്പോള്‍ കുട്ടികളെ നോക്കി വീട്ടിലിരുന്നാല്‍ മതി. അതിന് സമ്മതമാണോ?

എന്നാല്‍, പെയ്‌നിന്റെ ഈ പരിഹാസത്തോട് ഋഷഭ് ഒന്നും പ്രതികരിച്ചില്ല. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിനിടെയായിരുന്നു ഈ സംഭവങ്ങളെല്ലാം. 

Content Highlights: Tim Paine Trolls Rishabh Pant India vs Australia