സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ടിം പെയ്ന്‍ സഹപ്രവര്‍ത്തകയ്ക്ക് നഗ്നദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച സംഭവത്തില്‍ പ്രതികരണവുമായി പെയ്‌നിന്റെ ഭാര്യ ബോണി. ഒരുപാട് വേദനിച്ചെന്നും പെയ്ന്‍ വഞ്ചിച്ചതായി തോന്നിയെന്നും ബോണി പറയുന്നു. 

'അന്ന് എന്നെ വഞ്ചിച്ചതായി തോന്നി. ഒരുപാട് വേദനിച്ചു. എനിക്ക് ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ പരസ്പരം വഴക്കിട്ടു. എന്നാലും വേര്‍പിരിയാന്‍ തീരുമാനിച്ചില്ല. ഒരുമിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെയായിരുന്നു തീരുമാനം. ഞങ്ങള്‍ അതെല്ലാം മറന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് ഈ വാര്‍ത്ത വീണ്ടും പുറത്തുവരുന്നത്. അന്ന് ഞങ്ങള്‍ ഇതിനെയെല്ലാം അതിജീവിച്ചതാണ്. വീണ്ടും ഇതിലേക്ക് വലിച്ചിടുന്നു എന്നത് അനീതിയായി തോന്നുന്നു', ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോണി വ്യക്തമാക്കുന്നു.

നാല് വര്‍ഷം മുമ്പാണ് പെയ്ന്‍ സഹപ്രവര്‍ത്തകയ്ക്ക് തന്റെ നഗ്ന ദൃശ്യങ്ങളും അശ്ലീല സന്ദേശങ്ങളും അയച്ചത്. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടുത്തിടെ പുറത്തുവന്നു. തുടര്‍ന്ന് ഈ സംഭവം വീണ്ടും വിവാദമാകുകയും പെയ്‌നിന് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജി വെയ്‌ക്കേണ്ടി വരികയും ചെയ്തു.

Content Highlights: Tim Paine sexting scandal Felt betrayed says wife Bonnie Pain