ലോക്ക്ഡൗണിനെ ശപിക്കാത്തവരുണ്ടാവില്ല നാട്ടിൽ. ബീവറേജ് ഔട്ട്‌ലെറ്റുകള്‍ കൂടി വാതില്‍കൊട്ടിയടച്ചതോടെ കൂനിന്‍മേല്‍ കുരുപോലെയായി ചിലര്‍ക്കെങ്കിലും.

പക്ഷേ, ഇതു രണ്ടും കൊണ്ടൊരു വലിയ കാര്യമുണ്ടായി. ഒരു വലിയ ചിരിക്കത് വഴിതുറന്നു. ചിരിച്ചത് സാധാരണക്കാരൊന്നുമല്ല, ഒരുവിധപ്പെട്ട എയ്‌സിലും വോളിയിലുമൊന്നും അടിതെറ്റാത്ത ടെന്നിസ് റാണി സാക്ഷാല്‍ സാനിയ മിര്‍സ. അതും നല്ല പച്ച മലയാളം കേട്ട്.    

കേരളത്തിലെ ലോക്ഡൗണും ബീവറേജ് ഔട്ട്‌ലെറ്റും അങ്ങ് ഹൈദരാബാദില്‍ വിശ്രമിക്കുന്ന സാനിയ മിര്‍സയും തമ്മില്‍ എന്ത് ബന്ധമെന്ന് ശങ്കിക്കുന്നവരുണ്ടാവും. ബന്ധമുണ്ട്. ഈ ലോക്ഡൗണ്‍ കാരണമാണ്, കോഴിക്കോട് കരിക്കാംകുളത്തെ ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യശാല താത്കാലികമായി അടച്ചത്. അതുകൊണ്ട് മാത്രമാണ് അവിടുത്തെ ഉദ്യോഗസ്ഥനായ കട്ടിപ്പാറക്കാരന്‍ എം.കെ. ബിനീഷിന് സഹോദരന്‍ ജോബിനൊപ്പം ഒരു ടിക്ക്‌ടോക്ക്  വീഡിയോ ചെയ്യാന്‍ നേരംകിട്ടിയത്. ബിനീഷിന്റെ ഈ ടിക്ക്‌ടോക്ക് വീഡിയോ കണ്ട് സാനിയക്ക് ചിരിയടക്കാന്‍ കഴിയാതിരുന്നതില്‍ അത്ഭുതമില്ല. കാരണം മലയാളത്തിലുളള ഈ വീഡിയോയില്‍ ഒരു കഥാപാത്രം സാനിയയാണ്. മറ്റൊന്ന് സാനിറ്റൈസറും. 

കടയിലേയ്ക്ക് ഒരു ചെറുപ്പക്കാരന്‍ ഒരു തുണ്ട് കടലാസുമായി സാധാനം വാങ്ങാന്‍ വരുന്നതാണ് വീഡിയോ. വന്നപാടെ അയാള്‍ കടക്കാരനുനേരെ ആ കടലാസ് നീട്ടി. വായിച്ചുനോക്കിയ കടക്കാരന്‍ അങ്കലാപ്പിലായി. 'സാനിയ മിര്‍സയുടെ ട്രൗസറോ? ഇതാരാണ് എഴുതിയത്.?' ബാപ്പയാണെന്ന് സാധനം വാങ്ങാന്‍ വന്നയാള്‍. 'മോനെ ഇത് സാനിയ മിര്‍സയുടെ ട്രൗസറല്ല, സാനിറ്റൈസാണ്'. കടക്കാരന്റെ ഈ ഡയലോഗാണ് ടിക്ക്‌ടോക്കിലും ട്വിറ്ററിലുമെല്ലാം ചിരിയുടെ അമിട്ട് പൊട്ടിച്ചത്. ഒടുവില്‍ കഥാനായിക സാനിയ മിര്‍സയുടെ പോലും അടിതെറ്റിച്ചുകളഞ്ഞത്. വീഡിയോ ട്വിറ്ററില്‍ കണ്ട സാനിയ രണ്ടാമതൊന്ന് ആലോചിക്കാതെ നല്ല ഒന്നാന്തരം പൊട്ടിച്ചിരി സ്‌മൈലിയോടെ അത് റീട്വീറ്റും ചെയ്തു. അതോടെ വീഡിയോയും അതിന്റെ സൃഷ്ടാക്കളായ രണ്ട് ചെറുപ്പക്കാരും ഇന്ത്യ മുഴുവന്‍ ഹിറ്റായി.

നാലഞ്ച് ദിവസം മുന്‍പാണ് അവര്‍ ഈ വീഡിയോ ടിക്‌ടോക്കില്‍ അപ്​ലോഡ് ചെയ്തത്. ആദ്യം വാട്സാപ്പിലാണ് അത് ഹിറ്റായത്. അങ്ങനെ കൈമാറിക്കിട്ടിയ വീഡിയോ അനില്‍ തോമസ് എന്നയാള്‍ എടുത്ത് ട്വിറ്ററിലിട്ടു. കൂട്ടത്തില്‍ സാനി മിര്‍സയെ മെന്‍ഷന്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, സംഗതി സാനിയയുടെ ശ്രദ്ധയില്‍ പെട്ടുവെന്ന് അറിഞ്ഞതോടെ ബിനീഷിന്റെ ഉള്ളൊന്ന് കാളി. പണി പാളിയോ. ഇനി വല്ല കേസും പുക്കാറുമാകുമോ എന്നായിരുന്നു ആധി. പേരൊന്നും കൊടുക്കേണ്ടിയിരുന്നില്ല എന്നു പിറുപിറുത്തുകൊണ്ടാണ് ട്വിറ്ററില്‍ പരതിയത്. സാനിയയുടെ സ്‌മൈലി കണ്ടതോടെയാണ് ഇരുവര്‍ക്കും ശ്വാസം നേരെ വീണത്. 

ഇതോടെ കളി മാറി. പിന്നെ സുഹൃത്തുക്കളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമെല്ലാം നിരന്തരം വിളിയായി. അഭിനന്ദനമായി. ഇംഗ്ലീഷ് മാധ്യമങ്ങള്‍ പലരും വാര്‍ത്തയാക്കി. കുറേ കാലമായി ഞങ്ങള്‍ കലാരംഗത്ത് എന്നാല്‍, ഇതുപോലെ അംഗീകരിക്കപ്പെടുന്നതും അഭിനന്ദിക്കപ്പെടുന്നതും ഇതാദ്യമായാണ് നല്ല ഒന്നാന്തരം മിമിക്രി കലാകാരന്‍ കൂടിയായ ജോബിന്‍ പറയുന്നു.

ലോക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ ഈ വീഡിയോ ചെയ്യുന്ന കാര്യം സംശയമാണെന്ന് ബിനീഷ്. സാധാരണ നിലയില്‍ എനിക്ക് ഒട്ടും സമയമുണ്ടാവില്ല. കട്ടിപ്പാറയില്‍ നിന്ന് നാല്‍പത് കിലോമീറ്ററുണ്ട് കരിക്കാംകുളത്തേയ്ക്ക്. കാലത്ത് ഏഴര മണിക്ക് വീട്ടില്‍ നിന്നിറങ്ങിയാല്‍ രാത്രി പതിനൊന്നര മണിക്കാണ് തിരിച്ചെത്തുന്നത്. ഒന്നിനും ഒരു സമയവും കിട്ടില്ല. എനിക്ക് ഞായറാഴ്ചയല്ല അവധി. ഞാൻ ഓഫാകുമ്പോൾ മറ്റുള്ളവരൊക്കെ തിരക്കിലാവും. അങ്ങനെ നോക്കുമ്പേള്‍ ലോക്ഡൗണ്‍ ഒരു വലിയ അനുഗ്രഹമായി. ഈ ദിവസങ്ങളില്‍ അഞ്ചെട്ട് വീഡിയോകള്‍ ചെയ്തു. ഏറിയ പങ്കും ലോക്ഡൗണുമായി ബന്ധപ്പെട്ടതുതന്നെ. ചിലത് ഹിറ്റായി.  ചിലതൊക്കെ നല്ല തെറിവിളിയും സമ്മാനിച്ചു.

എന്നാൽ, ബമ്പര്‍ ഹിറ്റായ സാനിയ വീഡിയോയുടെ പകര്‍പ്പവകാശം ഇവര്‍ക്ക് രണ്ടുപേര്‍ക്കും അവകാശപ്പെട്ടതല്ല. അതിന്റെ ഉടമ ഒരു മൂന്നുവയസ്സുകാരിയാണ്. ബിനീഷിന്റെ മകള്‍ വേദൂസ് എന്ന വേദപാര്‍വതി. അവള്‍ക്ക് സാനിറ്റൈസര്‍ വലിയ കണ്‍ഫ്യൂഷനാണ്. കുഞ്ഞുനാവില്‍ സാനിറ്റൈസര്‍ എന്ന കടിച്ചാപ്പൊട്ടാത്ത പദം പലപ്പോഴും സാനിയയും ട്രൗസറുമൊക്കെയാവും. ഇതാണ് അച്ഛന്‍ അടിച്ചുമാറ്റി ടിക്ക്‌ടോക്കാക്കി ഹിറ്റാക്കിയത്. 'മോളങ്ങിനെ പറയുന്നത് കേട്ടപ്പോഴാണ് ആ ആശയം തോന്നിയത്. നാട്ടിന്‍പുറത്തുകാര്‍ സാനിറ്റൈസറിനെയൊക്കെ ഇപ്പോഴല്ലെ പരിചയപ്പെട്ടുവരുന്നത്. പലര്‍ക്കും അതൊന്നും നാവില്‍ വഴങ്ങുന്നില്ല. അതോര്‍ത്തപ്പോഴാണ് ഇതുവച്ചൊരു വീഡിയോ ചെയ്യാന്‍ തോന്നിയത്.'-ബിനീഷ് പറഞ്ഞു.

Jobin And Bineesh
ജോബിൻ ലോഹിയും ബിനീഷും

കട്ടിപ്പാറയിലെ ഫാന്‍സികടയായിരുന്നു ലൊക്കേഷന്‍. ചിത്രീകരണത്തിനും ശബ്ദം കൊടുക്കാനുമെല്ലാം കൂട്ടുകാരന്‍ അഭിലാഷുമുണ്ടായിരുന്നു. സാനിയയുടെ പേരിലാണ് ഇവര്‍ക്കിപ്പോള്‍ നാട്ടില്‍ പ്രശസ്തിയെങ്കിലും ടിക്ക്‌ടോക്കിലെ അവരുടെ ഏറ്റവും വലിയ ഹിറ്റ് ഈ വീഡിയോയല്ല. അതൊരു മാസ്‌ക്ക് വീഡിയോയാണ്. ഒരു ബില്ല്യണ്‍ കഴിഞ്ഞു സ്‌കൂട്ടര്‍ യാത്രിക്കന്‍ പോലീസ് പരിശോധനയ്ക്കിടെ വാഴക്കൂമ്പ് മാസ്‌ക്കാക്കുന്ന രസകരമായ വീഡിയോ.

ജോബിന് അഭിനയം അത്ര പുതുമയുള്ള കാര്യമല്ല. ദുബായില്‍ മറൈന്‍ കമ്പനയിയില്‍ സേഫ്റ്റ് ഓഫീസറായ ജോബിന്‍ പണ്ട് ഒന്നാന്തരമൊരു സിനിമാറ്റിക് ഡാന്‍സറായിരുന്നു. കോളേജ് കാലം മുതല്‍ തടികൂടിയതോടെ ബോഡി ഷെയ്മിങ്ങും കൂടി. അങ്ങനെ പതുക്കെ മനസ്സില്ലാ മനസ്സോടെ ഡാന്‍സ് ഉപേക്ഷിച്ച് മിമിക്രിയിലേയ്ക്ക് മാറി. കോമഡി ഉത്സവ് താരം ഹസീബ്‌ പൂനൂരിനൊപ്പം ഇപ്പോള്‍ വേദികളില്‍ സജീവമാണ്. മോഹന്‍ലാലാണ് ഇഷ്ടനമ്പര്‍. ശബ്ദവും ഫിഗറുമായി ലാലേട്ടന്‍ വലിയ കൈയടിയാണ് ദുബായ് വിട്ട് ഇപ്പോള്‍ നാട്ടില്‍ കംപ്യൂട്ടര്‍ സെന്റര്‍ നടത്തുന്ന ജോബിന് നേടിക്കൊടുത്തത്.

അനിയന്‍ ജോബിനെ പോലെ അത്ര എളുപ്പം അഭിനയം വഴങ്ങുന്ന ആളല്ല ബിനീഷ്. വരയാണ് ബിനീഷിന്റെ ലോകം. നല്ല ഒന്നാന്തരം എണ്ണഛായച്ചിത്രകാരന്‍. ജന്മനാ കിട്ടിയതാണ് കഴിവ്. പ്രൊര്‍ടെയ്റ്റുകളോടാണ് പൊതുവേ പഥ്യം. അതാവുമ്പോ നോക്കിവരയ്ക്കാന്‍ എളപ്പമാണല്ലോ എന്നാണ് ബിനീഷിന്റെ ന്യായം. അഞ്ചെട്ട് കൊല്ലം മുന്‍പാണ് ബിനീഷിന്റെ മനസ്സില്‍ ടിക്ക്‌ടോക്ക് മോഹം മുളപൊട്ടുന്നത്. ചുറ്റും കാണുന്ന കൊച്ചുകൊച്ചു സംഭവങ്ങളൊക്കെ പെറുക്കിയെടുത്ത് ആറ്റിക്കുറിക്കി കൊച്ചു സ്‌കിറ്റാക്കി ബിനീഷ് ടിക്ക്‌ടോക്കിലാക്കി. അച്ഛന്റെ മരുകനായ ജോബിനില്‍ നിന്ന് നല്ല പിന്തുണയും കിട്ടി. അഞ്ച് വര്‍ഷം മുന്‍പ് ബീവറേജസ് കോര്‍പ്പറേഷനില്‍ ജോലി കിട്ടിയതോടെയാണ് ടിക്ക്‌ടോക്ക് വീഡിയോകളുടെ ഒഴുക്ക് ഒന്ന് നിലച്ചത്. ആദ്യം കുന്ദമംഗലം ഔട്ട്‌ലെറ്റിലായിരുന്നു. അത് പൂട്ടിയപ്പോള്‍ ടൗണിലുള്ള കരിക്കാങ്കുളത്തേയ്ക്ക് മാറി. ഇതോടെ യാത്ര കുറച്ചുകൂടി കഠിനമായി. സമയം ഒട്ടും കിട്ടാതായി. ബീവറേജസ് ഔട്ട്‌ലെറ്റില്‍ ഒരുപാട് രസരകമായ ജീവിതങ്ങള്‍ കാണാം. പക്ഷേ, അതെല്ലാമൊന്നും ടിക്ക്‌ടോക്കിന് വിഷയമാക്കാനാവില്ലല്ലോ. സര്‍ക്കാര്‍ ജീവനക്കാരനല്ലെ. അതുകൊണ്ട് സൂക്ഷിച്ചേ വിഷയങ്ങള്‍ തിരഞ്ഞെടുക്കാറുള്ളൂ. ഇതുകൊണ്ട് ആളുകളെ ചിരിപ്പിക്കുക എന്നു മാത്രമേ ലക്ഷ്യമിടാറുള്ളൂ. ഞങ്ങളുടെ വീഡിയോ കാണുമ്പോള്‍ ആളുകള്‍ ചിരിക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ ഞങ്ങള്‍ക്കും സന്തോഷമാണ്. ഇനി ഏതായാലും വീഡിയോകള്‍ ക്ലിക്ക് ആവുന്നതിന്റെ ഗുട്ടെന്‍സ് പിടികിട്ടി. അതിന്റെ ത്രെഡ് പിടികട്ടിയത് സാനിയയുടെ വീഡിയോയോടെയാണ്- ബിനീഷ് പറയുന്നു.

ബീവറേജസ് ഔട്ട്‌ലെറ്റ് തുറന്നുകഴിഞ്ഞാല്‍ പഴയതുപോലെ സമയം കിട്ടുമോ എന്നുറപ്പില്ല ബിനീഷിന്. പക്ഷേ, ഇനി കാര്യങ്ങള്‍ പഴയതുപോലെയാകില്ലെന്ന് ഉറപ്പുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വങ്ങള്‍ കൂടിയിരിക്കുകയാണ്. ഇനി എന്ത് ചെയ്താലും ആളുകള്‍ ശ്രദ്ധിക്കും-ഇത്തിരി ആശങ്കയും അതിലേറെ ആവേശവുമുണ്ട് ബിനീഷിന്റെ വാക്കില്‍. ഈ വീഡിയോ കാരണം ഇനി കൂടുതല്‍ മിമിക്രി വേദികള്‍ കിട്ടുമെന്നാണ് ജോബിന്റെ ഉറച്ച പ്രതീക്ഷ. എല്ലാറ്റിനും നന്ദി ലോക്ക്ഡൗണിനും ഇവരുടെ ചിരി എയ്‌സില്‍ വീണുപോയ സാനിയക്കും.

Content Highlights: TikTok Video, Sania Mirza, Sanitizer, Tennis, Viral Video, Lock Down