ളിക്കളങ്ങളില്‍ എന്നും ക്ഷമയുടെയും ശാന്തതയുടെയും പര്യായമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി. സമ്മര്‍ദ ഘട്ടങ്ങള്‍ സുഖമമായി കൈകാര്യം ചെയ്യുന്നതുകൊണ്ടു തന്നെ ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണവും ധോനിക്ക് ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ക്രിക്കറ്റ് മൈതാനത്ത് ധോനി ശാന്തത കൈവിട്ട മൂന്ന് സന്ദര്‍ഭങ്ങളും ഉണ്ട്. ധോനിയുടെ മാറ്റം കണ്ട് ക്രിക്കറ്റ് ലോകം തന്നെ അദ്ഭുതപ്പെട്ടുപോയ മൂന്ന് സന്ദര്‍ഭങ്ങളിതാ.

Three instance when MS Dhoni lost his cool on the cricket field

നോബോള്‍ എറിഞ്ഞ് ചാഹര്‍, ചൂടായി ധോനി

മൈതാനത്ത് പൊതുവെ ശാന്തനാണെങ്കിലും സ്വന്തം ടീം അംഗം മത്സരം തന്നെ കൈവിടുന്ന തരത്തില്‍ പെരുമാറിയാല്‍ ധോനി പ്രതികരിച്ചിരിക്കും. 2019 ഐ.പി.എല്ലിലായിരുന്നു സംഭവം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 12 പന്തില്‍ നിന്ന് ജയിക്കാന്‍ വേണ്ടത് 39 റണ്‍സ്. 19-ാം ഓവര്‍ എറിയാന്‍ ധോനി, ചാഹറിനെ പന്തേല്‍പ്പിച്ചു. ചാഹറിന്റെ ആദ്യ പന്തു തന്നെ നോബോളായിരുന്നു ക്രീസിലുണ്ടായിരുന്ന സര്‍ഫറാസ് ഖാന്‍ അതില്‍ ബൗണ്ടറിയും നേടി. ഫ്രീ ഹിറ്റില്‍ വീണ്ടും ചാഹര്‍ ഇതേ തെറ്റ് ആവര്‍ത്തിച്ചു. രണ്ടു പന്തില്‍ നിന്ന് എട്ടു റണ്‍സ് പഞ്ചാബ് സ്വന്തമാക്കുകയും ചെയ്തു. ഒരു ലീഗല്‍ ഡെലിവറി പോലും എറിയാതെ ചാഹര്‍ എട്ടു റണ്‍സ് വഴങ്ങിയതോടെ ധോനിയുടെ ഭാവം മാറി. ബൗളറുടെ അടുത്തെത്തി ധോനി കടുത്ത ഭാഷയില്‍ തന്നെ പ്രതികരിച്ചു. ധോനിയുടെ ചീത്തപറച്ചില്‍ ഫലിക്കുകയും ചെയ്തു. തുടര്‍ന്ന് നന്നായി ബൗള്‍ ചെയ്ത ചാഹര്‍ പീന്നീടുള്ള പന്തുകളില്‍ വെറും അഞ്ചു റണ്‍സ് മാത്രമാണ് വഴങ്ങിയത്. അവസാന പന്തില്‍ ഡേവിഡ് മില്ലറുടെ വിക്കറ്റുമെടുത്തു.

Three instance when MS Dhoni lost his cool on the cricket field

ഔട്ടായ ഹസിയെ തിരികെ വിളിച്ചു, അമ്പയര്‍മാര്‍ ധോനിയുടെ ചൂടറിഞ്ഞു

2012-ല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ഏകദിന മത്സരത്തിനിടെയായിരുന്നു സംഭവം. സുരേഷ് റെയ്‌നയുടെ പന്തില്‍ ധോനി മൈക്ക് ഹസിയെ സ്റ്റമ്പ് ചെയ്തു. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ ഔട്ട് തെളിഞ്ഞതോടെ ഹസി ഡ്രസ്സിങ് റൂമിലേക്ക് നടക്കാനാരംഭിച്ചു. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ ഉടന്‍ തന്നെ ഹസിയെ തിരികെ വിളിച്ചു. തേര്‍ഡ് അമ്പയര്‍ക്ക് ബട്ടണ്‍ മാറിപ്പോയതായിരുന്നു കാരണം. അമ്പയര്‍മാരായ ബില്ലി ബൗഡനോടും സ്റ്റീവ് ഡേവിസിനോടും കടുത്ത ഭാഷയില്‍ തന്നെയായിരുന്നു ധോനിയുടെ പ്രതികരണം.

Three instance when MS Dhoni lost his cool on the cricket field

മൈതാനത്തേക്കിറങ്ങി അമ്പയര്‍മാരോട് കയര്‍ത്ത ധോനി

2019 മാര്‍ച്ച് 25-ന് ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നിലവിട്ട് പെരുമാറുന്ന ധോനിയെയാണ് കളിക്കളത്തില്‍ കണ്ടത്. മത്സരത്തിനിടെ മൈതാനത്തേക്കിറങ്ങിയ ചെന്നൈ ക്യാപ്റ്റന്‍ അമ്പയര്‍മാരോട് കയര്‍ത്ത് സംസാരിക്കുന്നതിനും കാണികള്‍ സാക്ഷിയായി. അവസാന മൂന്നു പന്തില്‍ ചെന്നൈക്ക് ജയിക്കാന്‍ എട്ടു റണ്‍സ് വേണമെന്നിരിക്കെ മിച്ചല്‍ സാന്റ്‌നര്‍ക്കെതിരേ ബെന്‍ സ്റ്റോക്ക്‌സ് എറിഞ്ഞ ഒരു പന്തിനെ കുറിച്ചായിരുന്നു തര്‍ക്കം. സ്റ്റോക്ക്‌സ് എറിഞ്ഞ പന്ത് സാന്റ്‌നറുടെ അരയ്ക്ക് മുകളില്‍ ഫുള്‍ടോസായാണ് വന്നത്. ഫീല്‍ഡ് അമ്പയര്‍ ഉല്‍ഹാസ് ഗാന്ധെ നോബോള്‍ സിഗ്‌നല്‍ കാണിച്ചു. എന്നാല്‍ പിന്നീട് ലെഗ് അമ്പയറുടെ നിര്‍ദേശപ്രകാരം അത് പിന്‍വലിക്കുകയും ചെയ്തു. ഇതാണ് ധോനിയെ ചൊടിപ്പിച്ചത്. ഡഗ്ഔട്ടില്‍ നിന്ന് പിച്ചിനടുത്തേക്ക് എത്തിയ ധോനി അമ്പയര്‍ ഉല്‍ഹാസ് ഗാന്ധെയോട് വിരല്‍ചൂണ്ടി സംസാരിക്കുകയും ചെയ്തു. ബൗണ്ടറി ലൈനില്‍ നിന്ന് തന്നെ അമ്പയറോട് ദേഷ്യം പ്രകടിപ്പിച്ചായിരുന്നു ധോനി വന്നത്. എങ്കിലും സിക്‌സറടിച്ച് സാന്റ്‌നര്‍ തന്നെ മത്സരം ജയിപ്പിക്കുകയും ചെയ്തു. അതേസമയം ക്രിക്കറ്റ് നിയമം ലംഘിച്ച് അമ്പയറോട് കയര്‍ത്ത ധോനിക്ക് ബി.സി.സി.ഐ മാച്ച് ഫീസിന്റെ 50 ശതമാനം പിഴ ചുമത്തി. ധോനി ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലെവല്‍ 2 നിയമം ലംഘിച്ചെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.

Content Highlights: Three instance when MS Dhoni lost his cool on the cricket field