ന്യൂഡല്‍ഹി: ടെസ്റ്റിലെ ആദ്യ സെഷനില്‍ തന്നെ സെഞ്ചുറി നേടുക, ലോകകപ്പ് മത്സരങ്ങളിലെ ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തുക, വ്യക്തിഗത സ്‌കോര്‍ 295 ആണെങ്കിലും മറ്റൊന്നും നോക്കാതെ സിക്‌സറടിച്ച് ട്രിപ്പിള്‍ തികയ്ക്കുക തുടങ്ങി ക്രീസില്‍ ആരെയും കൂസാത്ത പ്രകൃതത്തിന് ഉടമയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.

കാര്യമായ ഫൂട്ട്​വർക്കില്ലാതെ ബൗളര്‍മാരെ നാലുപാടും പായിക്കുന്ന വീരുവിന്റെ വീറ് കാണുമ്പോള്‍ സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണോ സെവാഗിന്റെ റോള്‍ മോഡല്‍ എന്ന് സംശയിച്ചാല്‍ അതിനെ കുറ്റംപറയാനാകില്ല. ക്രിക്കറ്റ് ലോകത്തിന് എന്നും വലിയ സമസ്യയായിരുന്നു സെവാഗിന്റെ ഫൂട്ട്​വർക്ക്.

എന്നാല്‍ ബാറ്റിങ്ങിലെ തന്റെ പ്രചോദനം റിച്ചാര്‍ഡ്‌സോ ഗാവസ്‌ക്കറോ സച്ചിനോ ഒന്നുമല്ലെന്നാണ് സെവാഗ് പറയുന്നത്. മറിച്ച് ക്രീസില്‍ വിസ്‌ഫോടനം തീര്‍ക്കുന്ന വീരുവിലെ ബാറ്റ്‌സ്മാനെ പ്രചോദിപ്പിച്ചത് സാക്ഷാല്‍ രാമായണത്തിലെ ഒരു കഥാപാത്രമാണ്.

ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദൂരദര്‍ശന്‍ പുനഃസംപ്രേക്ഷണം ചെയ്യുന്ന രാമായണത്തിലെ ഒരു രംഗം പങ്കുവെച്ചാണ് വീരു ഇക്കാര്യം പറഞ്ഞത്.

രാമായണത്തിലെ ബാലിയുടെ പുത്രനും വാനരസേനാംഗവുമായ അംഗദനാണ് ആ കഥാപാത്രം. രാവണന്റെ സദസിലെത്തിയ അംഗദന്റെ കാല്‍ രാവണ സേനാംഗങ്ങളില്‍ ഒരാള്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതിന്റെ ചിത്രമാണ് വീരു പങ്കുവെച്ചിരിക്കുന്നത്.

this is the Ramayan Character That Gave Virender Sehwag Inspiration in his Batting

ചിത്രത്തിനൊപ്പം 'പൈര്‍ ഹിലാലാ മുഷ്‌കില്‍ നഹി, നാമുംകിന്‍ ഹെ' (കാലെടുത്തു മാറ്റുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം മാത്രമല്ല, അത് അസാധ്യമാണ്) എന്ന ഡോണ്‍ സിനിമയിലെ പ്രശസ്തമായ ഡയലോഗും വീരു ഇതിനൊപ്പം കുറിച്ചു.

ആ ചിത്രത്തിനു പിന്നിലെ കഥ ഇങ്ങനെയാണ്; രാവണന്റെ സദസില്‍ നിന്നുള്ളതാണ് ഈ ചിത്രം. രാവണ സൈന്യവുമായുള്ള യുദ്ധത്തിനു മുമ്പ് അവസാന ശ്രമമെന്നോണം രാമന്‍, അംഗദനെ രാവണന്റെ പക്കലേക്ക് അയക്കുകയാണ്. സീതയെ യാതൊരു ഉപദ്രവവും കൂടാതെ തിരികെ നല്‍കി രാവണന്‍ മാപ്പു പറയണമെന്ന് അംഗദന്‍ അറിയിക്കുന്നു. എന്നാല്‍ ഇതുകേട്ട രാവണന്‍ അംഗദനെ അവഹേളിക്കുകയും രാമനെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തു. ഇതോടെ അദ്ദേഹം തന്റെ ഒരു കാല്‍ സദസിന്റെ നടുവില്‍ വെയ്ക്കുകയും രാവണ സേനയിലെ ആര്‍ക്കെങ്കിലും തന്റെ കാല്‍ ഇവിടെ നിന്ന് എടുത്തുമാറ്റാന്‍ സാധിച്ചാല്‍ രാമന്റെ സേനയെ ലങ്കയില്‍ നിന്നും തിരികെ കൊണ്ടുപോകാമെന്ന് വാക്കുനല്‍കുകയും ചെയ്യുന്നു. എന്നാല്‍ രാവണ സേനയിലെ ഒരാള്‍ക്കെന്നു മാത്രമല്ല രാവണന്റെ ശക്തനായ പുത്രന്‍ ഇന്ദ്രജിത്തിനു പോലും അംഗദന്റെ കാല്‍ അവിടെ നിന്ന് ഒന്ന് അനക്കാന്‍ പോലും സാധിച്ചില്ല.

അംഗദന്‍ - വാനര രാജാവായ ബാലിയുടെയും പഞ്ചകന്യകമാരില്‍ ഒരാളായ താരയുടെയും പുത്രനാണ് അംഗദന്‍. കമ്പരാമായണത്തില്‍ ബൃഹസ്പതിയുടെ അംശാവതാരമാണ് അംഗദനെന്നും പറയപ്പെടുന്നു. ദൗത്യകര്‍മത്തിന് പ്രസിദ്ധനാണ് അദ്ദേഹം. സീതയെ അന്വേഷിക്കുന്നതിനായി സുഗ്രീവന്‍ അയച്ച വാനരസേനയിലെ പ്രമുഖാംഗം. തികഞ്ഞ രാമഭക്തന്‍, ഹനുമാനെപ്പോലെ ബലവാനും സാഹസികനും ബുദ്ധിശാലിയും വിവേകിയും സമരവിദഗ്ദ്ധനുമായ വാനരസേനാനി.

Content Highlights: this is the Ramayan Character That Gave Virender Sehwag Inspiration in his Batting