കൊളംബോ: ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ പേരിനൊപ്പമാണ് മുന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ സ്ഥാനം. ടെസ്റ്റില്‍ 800 വിക്കറ്റുകളെന്ന സ്വപ്‌ന നേട്ടം സ്വന്തമാക്കിയ താരം. അസാധ്യമായ ആ നേട്ടം ക്രിക്കറ്റ് ലോകത്തിനു മുന്നില്‍വെച്ചാണ് ആ ഓഫ് സ്പിന്‍ മാന്ത്രികന്‍ കളിക്കളത്തോട് വിടപറഞ്ഞത്.

ഇപ്പോഴിതാ ഇന്ത്യയ്‌ക്കെതിരായ മുരളീധരന്റെ വിരമിക്കല്‍ പരമ്പരയ്ക്കിടെ അനുഭവിച്ച അദ്ദേഹത്തിന്റെ  ആത്മവിശ്വാസത്തെ കുറിച്ചും അന്നത്തെ ഡ്രസ്സിങ് റൂം ചര്‍ച്ചകളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് അന്നത്തെ ലങ്കന്‍ ക്യാപ്റ്റനായിരുന്ന കുമാര്‍ സംഗക്കാര. ഇന്ത്യന്‍ താരം ആര്‍. അശ്വിനുമൊത്തുള്ള ഇന്‍സ്റ്റാഗ്രാം ലൈവിലായിരുന്നു സംഗക്കാരയുടെ വെളിപ്പെടുത്തല്‍.

2010-ല്‍ മൂന്നു ടെസ്റ്റുകളടങ്ങിയ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഗാളില്‍ നടന്ന ആദ്യ ടെസ്റ്റോടെയാണ് മുരളി വിരമിച്ചത്. 800 വിക്കറ്റുകളെന്ന സ്വപ്‌ന നേട്ടത്തിലേക്ക് എട്ടു വിക്കറ്റുകള്‍ കൂടി വേണമെന്നിരിക്കെയാണ് അദ്ദേഹം തന്റെ അവസാന ടെസ്റ്റിനിറങ്ങിയത്. സ്പിന്നിനെതിരേ മികച്ച റെക്കോഡുള്ള ഇന്ത്യയ്‌ക്കെതിരേ എട്ടു വിക്കറ്റുകള്‍ വീഴ്ത്തി 800 എന്ന മാന്ത്രിക സംഖ്യ കുറിച്ചു തന്നെ അദ്ദേഹം വിടവാങ്ങുകയും ചെയ്തു.

സംഗക്കാരയുടെ വാക്കുകളിലേക്ക്, ''800-ലേക്ക് എട്ടു വിക്കറ്റുകള്‍ കൂടി അദ്ദേഹത്തിന് വേണമായിരുന്നു. നമുക്കറിയാമല്ലോ അതൊരു ചില്ലറ സംഖ്യയല്ലെന്ന്. ഞാനന്ന് ക്യാപ്റ്റനായിരുന്നു. ഇന്ത്യയുമായുള്ള പരമ്പരയ്ക്കിടെ വിരമിക്കണമെന്ന് മുരളി പറഞ്ഞു. ഞാന്‍ സെലക്ടര്‍മാരുമായി ചര്‍ച്ച ചെയ്തു. ആദ്യ ടെസ്റ്റിനു ശേഷം വിരമിക്കണമെന്ന് മുരളി അറിയിച്ചതായും അത് പക്ഷേ നടക്കില്ലെന്നും പറഞ്ഞു. എട്ടു വിക്കറ്റുകള്‍ കൂടി സ്വന്തമാക്കിയിട്ടേ അദ്ദേഹത്തെ വിരമിക്കാന്‍ അനുവദിക്കാവൂ എന്നും വ്യക്തമാക്കി. അതോടെ മുരളിയേയും ഞങ്ങള്‍ യോഗത്തിലേക്ക് വിളിച്ചു. ഒരു നാഴികക്കല്ലിന് ഇത്രയും അടുത്തെത്തിയിട്ട് നിങ്ങള്‍ അത് സ്വന്തമാക്കാതെ വിരമിച്ചാല്‍ അതൊരു ദുരന്തമായിരിക്കുമെന്ന് ഞാന്‍ മുരളിയോട് പറഞ്ഞു. അതിനാല്‍ നിങ്ങള്‍ ആദ്യ ടെസ്റ്റ് കളിക്കൂ. എന്നിട്ട് ക്ഷീണിതനാണെന്നു തോന്നിയാല്‍ രണ്ടാം ടെസ്റ്റില്‍ മാറി നിന്ന് മൂന്നാം ടെസ്റ്റ് കളിക്കൂ. ഇനി രണ്ടു ടെസ്റ്റുകളും കളിച്ചില്ലെങ്കിലും അടുത്ത പരമ്പരയില്‍ കളിക്കൂ. മുരളി ഞങ്ങളെ ഒന്ന് നോക്കി, എന്നിട്ട് പറഞ്ഞു ഇത് നടക്കാന്‍ പോകുന്നില്ല. വെല്ലുവിളികള്‍ എനിക്ക് ഇഷ്ടമാണ്. ഞാനൊരു മികച്ച സ്പിന്നറാണെങ്കില്‍ ഗാളില്‍ തന്നെ ഏതൊരു ടീമിനെതിരെയും എനിക്ക് എട്ടു വിക്കറ്റുകള്‍ വീഴ്ത്താനാകും. ഇനി ഞാന്‍ എട്ടു വിക്കറ്റ് വീഴ്ത്തുന്നത് എനിക്ക് 800 വിക്കറ്റുകള്‍ തികയ്ക്കാന്‍ മാത്രമല്ല, നമുക്ക് ഈ ടെസ്റ്റ് വിജയിക്കാന്‍ കൂടിയാണ്. ഇനി എനിക്ക് അതിന് സാധിച്ചില്ലെന്നിരിക്കട്ടെ ഇതെന്റെ അവസാന ടെസ്റ്റായിരിക്കും'', സംഗക്കാര ഓര്‍ത്തെടുത്തു.

അന്ന് താന്‍ എട്ടു വിക്കറ്റ് വീഴ്ത്താന്‍ പോകുന്നുവെന്ന് പറഞ്ഞാണ് മുരളി യോഗത്തില്‍ നിന്ന് മടങ്ങിയതെന്നും സംഗക്കാര കൂട്ടിച്ചേര്‍ത്തു. എന്തൊരു ചാമ്പ്യനാണ് ഇയാളെന്നാണ് അപ്പോള്‍ മനസില്‍ തോന്നിയതെന്നും സംഗക്കാര വ്യക്തമാക്കി.

പറഞ്ഞതുപോലെ ഗാള്‍ ടെസ്റ്റില്‍ സ്പിന്നിനെതിരേ മികച്ച റെക്കോഡുള്ള ഇന്ത്യയ്‌ക്കെതിരേ എട്ടു വിക്കറ്റ് വീഴ്ത്തിയ മുരളി 800 വിക്കറ്റുകള്‍ തികച്ചു. മാത്രമല്ല ഇന്ത്യയെ ഫോളോഓണ്‍ ചെയ്യിച്ച ലങ്ക 10 വിക്കറ്റിന്റെ വിജയവുമായി മുരളിക്ക് അര്‍ഹിച്ച യാത്രയയപ്പ് സമ്മാനിക്കുകയും ചെയ്തു.

Content Highlights: This is my last Test, I’m going to take 8 wickets Muralitharan to Sangakkara