തൃശ്ശൂര്‍ : കേരളത്തിലെ ആദ്യ ഫ്‌ളഡ്ലിറ്റ് ടൂര്‍ണമെന്റ് മലപ്പുറത്തെ എടവണ്ണയില്‍ നടക്കുന്നു. മമ്പാട് ടീമും തൃശ്ശൂര്‍ ജയാ ബേക്കറിയുമാണ് ഫൈനലില്‍. ജയാ ബേക്കറിയുടെ സ്‌ട്രൈക്കര്‍ അബ്ദുള്‍ ഗനിയുടെ കളിമികവോടെ രണ്ട് ഗോളിന് ജയാ ബേക്കറി കപ്പുയര്‍ത്തി. പക്ഷേ, കളി തീരുമ്പോള്‍ മൈതാനത്തിലേക്ക് കാണികളിറങ്ങി.

'ഈ ടീമുകള്‍ നാളെയും ഇവിടെ കളിക്കണം'. ഈ ആവശ്യത്തിനു പിന്നില്‍ ഒരേയൊരു കാരണം മാത്രം. 'ടോ കിക്കു'കൊണ്ട് മാന്ത്രികത തീര്‍ത്ത അബ്ദുള്‍ ഗനിയെന്ന സുഡാന്‍കാരന്റെ പ്രകടനം ഒരിക്കല്‍ക്കൂടി കാണാന്‍. പിറ്റേദിവസവും ഇതേ ടീമുകളേറ്റുമുട്ടി. ജയാ ബേക്കറി വിജയമാവര്‍ത്തിച്ചു.

അബ്ദുള്‍ ഗനി തൃശ്ശൂരിന്റെയും തൃശ്ശൂര്‍ കേരളവര്‍മയുടെയും ഫുട്‌ബോള്‍ മൈതാനങ്ങളിലെ രാജാവായിരുന്നു.

തൊണ്ണൂറുകളില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെയും പിന്നീട് സെവന്‍സില്‍ ഒക്ടോപ്പസിന്റെയും ജയാ ബേക്കറിയുടെയും ഭാഗമായി നിറഞ്ഞുനിന്നയാള്‍. ചാലക്കുടിയിലെ സതേണ്‍ എന്‍ജിനീയറിങ് കോളേജില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ് പഠിക്കാനെത്തിയതായിരുന്നു അബ്ദുള്‍ ഗനി. പിന്നീട് കേരളവര്‍മ കോളേജില്‍ ചേര്‍ന്നതോടെ കാലിക്കറ്റ് സര്‍വകലാശാലയുടെ ഫുട്‌ബോള്‍ ടീമിലിടം നേടി.

ഒരു ദുശ്ശീലവുമില്ലാത്ത, കളിക്കളങ്ങളില്‍ മാന്യതയുടെ മറുവാക്കായിരുന്നു ഗനി. ആഫ്രിക്കന്‍ കരുത്തുണ്ടായിരുന്നുവെങ്കിലും ഒരിക്കല്‍പ്പോലും സഹകളിക്കാരെ പ്രകോപിപ്പിക്കാനെത്തിയിട്ടില്ലെന്ന് സെവന്‍സിലെ സഹതാരം എം.വി. ഗിരീഷ് പറഞ്ഞു.

അബ്ദുള്‍ ഗനിയെന്ന സ്‌ട്രൈക്കറുടെ മികവിലാണ് 1992 - 93-ലെ അന്തര്‍ സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പിലടക്കം കാലിക്കറ്റ് മിന്നും പ്രകടനം കാഴ്ചവെച്ചതെന്ന് സഹകളിക്കാര്‍ ഓര്‍ക്കുന്നു. 'എടത്വാ കോളേജ് സുവര്‍ണജൂബിലി ചാമ്പ്യന്‍ഷിപ്പ്, കണ്ടംകുളത്തി ചാമ്പ്യന്‍ഷിപ്പ് തുടങ്ങി ആറ് ചാമ്പ്യന്‍ഷിപ്പുകള്‍ ആ വര്‍ഷം കേരളവര്‍മ കോളേജ് നേടിയതില്‍ അബ്ദുള്‍ ഗനിയുടെ പങ്ക് ചെറുതല്ല' - സഹതാരവും കേരള പോലീസ് വെറ്ററന്‍ ഫുട്‌ബോള്‍ താരവുമായ വിനയചന്ദ്രന്‍ പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങള്‍ വകവെയ്ക്കാതെയാണ് ഗനി കളത്തിലിറങ്ങിയതെന്ന് കാലിക്കറ്റ് സര്‍വകലാശാലാ ഫുട്‌ബോള്‍ പരിശീലകനായിരുന്ന വിക്ടര്‍ മഞ്ഞില ഓര്‍ക്കുന്നു.

Content Highlights: the toe kick magician abdul gani from sudan who died last day