ലണ്ടന്‍: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ മൈതാനത്ത് അതിക്രമിച്ചു കടക്കുന്നത് പതിവാക്കിയ  ജാര്‍വോ അറസ്റ്റില്‍. കെന്നിങ്ടണ്‍ ഓവലില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലും ജാര്‍വോ മൈതാനത്ത് അതിക്രമിച്ചു കടന്നിരുന്നു 

രണ്ടാം ദിനം ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെ മത്സരത്തിന്റെ 34-ാം ഓവറിലാണ് ജാര്‍വോ മൈതാനത്തെത്തിയത്. ഓടിയെത്തിയ ജാര്‍വോ ഇംഗ്ലീഷ് താരം ഒലി പോപ്പിനെതിരേ പന്തെറിയുന്നതായി ആംഗ്യം കാണിക്കുകയും ചെയ്തു. തുടര്‍ന്ന് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന ജോണി ബെയര്‍സ്റ്റോയുമായി കൂട്ടിയിടിക്കുകയും ചെയ്തു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാര്‍വോയെ പിടികൂടി പൊലീസിന് കൈമാറുകയും അവര്‍ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

സുരക്ഷാലംഘനവും അതിക്രമവും ചുമത്തിയാണ് ഇയാളെ സൗത്ത് ലണ്ടന്‍ പോലീസ് അറ്‌സ്റ്റ് ചെയ്തത്. 

പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റിനിടയിലും ജാര്‍വോ ഇത്തരത്തില്‍ മൈതാനത്തേക്ക് അതിക്രമിച്ച് കയറിയിരുന്നു. ഓവലിലും ഇതാവര്‍ത്തിച്ചതോടെ ഈ കോവിഡ് സാഹചര്യത്തില്‍ താരങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയുടെ കാര്യത്തില്‍ ഭീതി ഉയരുന്നുണ്ട്. ജാര്‍വോയുടെ അതിക്രമിച്ചുകടക്കല്‍ പതിവായതോടെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും ആരാധക രോഷം ഉയര്‍ന്നുകഴിഞ്ഞു.

നേരത്തെ മൂന്നാം ടെസ്റ്റിനിടെ മൈതാനത്ത് അതിക്രമിച്ചു കടന്ന ജാര്‍വോയെ ലീഡ്സിലെ മത്സരങ്ങള്‍ കാണുന്നതില്‍ നിന്ന് യോര്‍ക്ക് ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ് ആജീവനാന്തം വിലക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.

Content Highlights: The Pitch Invader Jarvo Arrested