ടോക്യോയില്‍ പുരുഷന്‍മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ ശേഷം ജമൈക്കന്‍ സ്പ്രിന്റര്‍ ഹാന്‍സല്‍ പാര്‍ച്‌മെന്റ് ആദ്യം ചെയ്തത് താന്‍ സ്വര്‍ണം നേടിയ കാര്യം സ്വയം വിശ്വസിപ്പിക്കുക എന്നതായിരുന്നു.

കാരണം ഹര്‍ഡില്‍സ് സെമി ഫൈനല്‍ നടക്കുന്ന വേദിക്ക് പകരം വഴിതെറ്റി മറ്റൊരു വേദിയില്‍ എത്തപ്പെട്ട് അയോഗ്യനാകുമെന്ന ഘട്ടംവരെയെത്തിയ സേഷമാണ് തിരിച്ചെത്തി ഹാന്‍സല്‍ സ്വര്‍ണം ഓടിയെടുത്തത്. അതിന് സഹായിച്ചതോ ഒരു ഒളിമ്പിക് വളണ്ടിയറും. 

ഹര്‍ഡില്‍സ് സെമി ഫൈനല്‍ വേദിക്ക് പകരം വഴിതെറ്റി റോവിങ് മത്സരം നടക്കുന്ന ഇടത്താണ് അന്ന് ഹാന്‍സല്‍ എത്തിപ്പെട്ടത്. കൈയിലാണെങ്കില്‍ പണവും എല്ലായിരുന്നു. ഒടുവില്‍ താരത്തിന്‍ഡറെ സഹായത്തിനെത്തിയ ഒരു ഒളിമ്പിക് വളണ്ടിയര്‍ കൈയിലുള്ള പണം നല്‍കി ഒരു ടാക്‌സിയില്‍ ഹാന്‍സലിനെ ഹര്‍ഡില്‍സ് വേദിയിലെത്തിക്കുകയായിരുന്നു. ഒളിമ്പിക്‌സിനു ശേഷം തന്നെ സഹായിച്ച ആ പെണ്‍കുട്ടിയെ താരം തിരഞ്ഞ് കണ്ടെത്തി. അവള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇദ്ദേഹം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 

''സെമിഫൈനലിനായി ഞാന്‍ അബദ്ധത്തില്‍ തെറ്റായ ബസ്സില്‍ കയറി തെറ്റായ സ്ഥലത്തേക്കാണ് പോയത്. ഞാന്‍ ഹെഡ്‌സെറ്റില്‍ പാട്ട് കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ആളുകള്‍ പറയുന്നതൊന്നും എനിക്ക് കേള്‍ക്കുന്നുണ്ടായിരുന്നില്ല. മാത്രമല്ല ബസിന് മുകളില്‍ അത്‌ലറ്റിക്‌സ് ട്രാക്ക് എന്നെഴുതിയ ഒരു സൈന്‍ ബോര്‍ഡും ഞാന്‍ കണ്ടു. ഇക്കാരണത്താല്‍ തന്നെ ഞാന്‍ മറ്റൊന്നും ചിന്തിക്കാതെ ഫോണില്‍ പാട്ട്‌കേട്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോഴാണ് ബസ് തെറ്റായ വഴിയിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് എനിക്ക് മനസിലായത്. ഒടുവില്‍ വേദിയിലെത്തിയപ്പോള്‍ അവിടെ റോവിങ്ങോ മറ്റോ നടക്കുകയായിരുന്നു. ഗെയിംസ് വില്ലേജിലേക്ക് തിരികെ പോയി അവിടെ നിന്ന് അത്‌ലറ്റിക്‌സ് സ്‌റ്റേഡിയത്തിലേക്കുള്ള ബസ് പിടിക്കാനായിരുന്നു അവിടെ നിന്നുള്ളവര്‍ തന്ന നിര്‍ദേശം. എന്നാല്‍ അങ്ങനെ ചെയ്താല്‍ ഞാന്‍ സമയത്ത് അവിടെ എത്തില്ല. ഞാന്‍ ഒളിമ്പിക്‌സിന്റെ ഭാഗമായുള്ള കാറുകളിലൊന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. എന്നാല്‍ അവര്‍ വലിയ കര്‍ക്കശക്കാരായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഞാന്‍ ഈ വളണ്ടിയറെ കാണുന്നത്. അവര്‍ എനിക്ക് കുറച്ച് പണം തന്ന് ഒളിമ്പിക്‌സിന്റെ ഭാഗമായ ഒരു ടാക്‌സിയില്‍ കയറ്റിവിട്ടു. അങ്ങനെയാണ് മത്സരത്തിനു മുമ്പ് അവിടെ എത്താനും വാംഅപ്പ് നടത്താനുമെല്ലാം സാധിച്ചത്.'' - ഹാന്‍സല്‍ പറഞ്ഞു.

 

ഒടുവില്‍ 31-കാരനായ ഹാന്‍സല്‍ തന്നെ സഹായിച്ച പെണ്‍കുട്ടിയെ കണ്ടെത്തി. അവളുടെ പക്കല്‍ നിന്ന് വാങ്ങിയ പണം തിരികെ കൊടുക്കുകയും അവള്‍ക്ക് ഒരു ടീ ഷര്‍ട്ട് സമ്മാനിക്കുകയും ചെയ്തു. ഒപ്പം നിന്ന് ഒരു സെല്‍ഫിയെടുക്കാനും താരം മറന്നില്ല.

Content Highlights: the help of a Games volunteer behind Jamaican hurdler s Olympic gold