ന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും തലമുതിര്‍ന്ന താരമാണിപ്പോള്‍ മിതാലി രാജ്, 1999 മുതല്‍ അവര്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നു. പുരുഷ ക്രിക്കറ്റില്‍ ഇന്ന് ദേശീയ ടീമിലുള്ളവരെക്കാളെല്ലാം സീനിയര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം തികച്ച ഏക വനിതയായ മിതാലി വെള്ളിയാഴ്ച 10,000 റണ്‍സ് തികയ്ക്കുന്ന ലോകത്തെ രണ്ടാമത്തെ വനിതയായി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ 36 റണ്‍സെടുത്തതോടെയാണ് മിതാലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ചത്. ബൗണ്ടറിയോടെ 10,000 കടന്നു. തൊട്ടടുത്ത പന്തില്‍ പുറത്താകുകയും ചെയ്തു.

ഇക്കാലമത്രയും ബാറ്റിങ് മാത്രമായിരുന്നില്ല മിതാലിയുടെ ആയുധം. ക്രിക്കറ്റില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരേ അവര്‍ വാക്കുകള്‍കൊണ്ടും പ്രതിഷേധിച്ചു. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ലോകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി പരിഗണിക്കപ്പെട്ടു.

മൂന്നുവര്‍ഷം മുമ്പ്, വനിതകളുടെ ലോകകപ്പ് തുടങ്ങുന്നതിനു തൊട്ടുമുമ്പത്തെ പത്രസമ്മേളനത്തില്‍, പ്രിയപ്പെട്ട പുരുഷ താരം ആര് എന്ന് മിതാലിയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ പുരുഷതാരങ്ങളോട് പ്രിയപ്പെട്ട വനിതാ ക്രിക്കറ്റര്‍ ആരെന്ന് ചോദിക്കാറുണ്ടോ എന്ന മറുചോദ്യമായിരുന്നു ഉത്തരം. 2018 ട്വന്റി 20 ലോകകപ്പിനിടെ ഇന്ത്യന്‍ കോച്ച് രമേഷ് പവാര്‍ തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നു എന്ന മിതാലിയുടെ പരാതിക്കൊടുവില്‍ പവാറിന്റെ പണിപോയി.

തമിഴ്നാട്ടുകാരനായ ദോരൈരാജിന്റെയും ലീലാ രാജിന്റെയും മകളായ മിതാലി, എട്ടുവയസ്സുവരെ ക്രിക്കറ്റിനൊപ്പം നൃത്തവും പരിശീലിച്ചു. രണ്ടിലൊന്ന് എന്ന തീരുമാനം വേണ്ടിവന്നപ്പോള്‍ ക്രിക്കറ്റിന്റെ കൈപിടിച്ചു. 2003-ല്‍ അര്‍ജുന അവാര്‍ഡും 2015-ല്‍ പത്മശ്രീയും നല്‍കി രാജ്യം മിതാലിയെ ആദരിച്ചു.

Content Highlights: The extraordinary longevity of Mithali Raj