ന്യൂയോര്‍ക്ക്: പ്രൊഫഷണല്‍ റെസ്ലിങ്ങിന്റെ ചരിത്രത്തില്‍ ഗ്ലാമര്‍ താരങ്ങളിലൊരാളായ 'ദി അണ്ടര്‍ടേക്കര്‍' വിരമിച്ചു. മാര്‍ക്ക് കാലവെ എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. ഡബ്ല്യു.ഡബ്ല്യു.ഇ റിങ്ങിലേക്ക് ഇനിയൊരിക്കലും ഒരു മടങ്ങിവരവുണ്ടാകില്ലെന്ന് അണ്ടര്‍ടേക്കര്‍ വ്യക്തമാക്കി. 

1990-ല്‍ ആരംഭിച്ച മൂന്നു പതിറ്റാണ്ടോളം നീണ്ട കരിയറിനാണ് 55-കാരനായ അദ്ദേഹം അവസാനം കുറിച്ചത്. 

അദ്ദേഹത്തെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയായ 'അണ്ടര്‍ടേക്കര്‍: ദ ലാസ്റ്റ് റൈഡി'ന്റെ അഞ്ചാമത്തെയും അവസാനത്തെയും എപ്പിസോഡിലാണ് താന്‍ ഡബ്ല്യു.ഡബ്ല്യു.ഇ കരിയര്‍ അവസാനിപ്പിച്ചതായി അണ്ടര്‍ടേക്കര്‍ അറിയിച്ചത്.

റെസ്സല്‍മാനിയ 36-ല്‍ എ.ജെ സ്റ്റൈല്‍സിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം. ഏഴു തവണ ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യനായിട്ടുണ്ട്. ആറു തവണ ടാഗ് ടീം കിരീടവും സ്വന്തമാക്കി. നിരവധി സിനിമകളിലും അദ്ദേഹം വേഷമിട്ടു.

ആരാധകര്‍ ഡെഡ് മാന്‍ എന്നു വിളിക്കുന്ന അണ്ടര്‍ടേക്കറുടെ ശവപ്പെട്ടിയിലുള്ള റിങ്ങിലേക്കുള്ള വരവ് ഏറെ പ്രസിദ്ധമായിരുന്നു.

Content Highlights: The dead man Undertaker announces retirement from WWE