പാലക്കാട്: പാലക്കാടിന്റെ ക്രിക്കറ്റ് കാരണവര്‍ക്ക് വെള്ളിയാഴ്ച 82 വയസ്സ്. ജില്ലയിലെ ആദ്യ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ ആര്‍. രഘുനാഥിന്റെ പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് താരങ്ങളും ആരാധകരും.

കെ.എസ്.ആര്‍.ടി.സി.ക്കടുത്ത് ഡി.പി.ഒ. റോഡിലെ അദ്ദേഹത്തിന്റെ വീടായ 'റിട്രീറ്റി'ല്‍ രാവിലെ 10 മണിയോടെ ഇവര്‍ ഒത്തുചേരും.

1958-ല്‍ ആദ്യമായി പാലക്കാട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് നടക്കുമ്പോള്‍ കേരളത്തിന്റെ ഓപ്പണറായിരുന്നു രഘുനാഥ്. വിക്ടോറിയ കോളേജ് മൈതാനത്ത് മൈസൂരുവിനെതിരേ കളിക്കുമ്പോള്‍ ഓപ്പണ്‍ ചെയ്ത് അവസാനം വരെ പുറത്താകാതെനിന്ന് റെക്കോഡ് സ്ഥാപിച്ച (68 റണ്‍സ് നോട്ടൗട്ട്) കേരളത്തിന്റെ പ്രഥമതാരമാണ്.

1958-ല്‍ വെങ്കിടഗിരിയില്‍ ആന്ധ്രാപ്രദേശിനെതിരെയായിരുന്നു കേരളത്തിന്റെ ആദ്യജയം. അന്ന് 94 റണ്‍സെടുത്ത് രഘുനാഥ് വിജയശില്‍പിയായി. 1958-ല്‍ പാലക്കാട്ട് ആന്ധ്രക്കെതിരെ രഘുനാഥ് - ബാലന്‍പണ്ഡിറ്റ് സഖ്യം നേടിയ റെക്കോഡ് അഞ്ചുപതിറ്റാണ്ടോളം ഇളക്കമില്ലാതെ നിന്നു. സംസ്ഥാന രൂപവത്കരണത്തിനുശേഷം 10 വര്‍ഷം കേരളത്തിനായി കളിച്ചു.

17 മത്സരങ്ങളിലായി 30 ഇന്നിങ്സുകളില്‍ സംസ്ഥാനത്തിനുവേണ്ടി ബാറ്റേന്തി. പിന്നീട് കേരളത്തിന്റെയും ദക്ഷിണമേഖലയുടെയും വിവിധ വിഭാഗം ടീമുകളുടെ സെലക്ടറായിരുന്നു. ശ്രീകാന്ത്, ഡബ്ല്യു.വി. രാമന്‍, എല്‍. ശിവരാമകൃഷ്ണന്‍ തുടങ്ങി പിന്നീട് പ്രഗല്‍ഭരായ നിരവധി പേരെ തിരഞ്ഞെടുക്കാനായി. പ്രായം തളര്‍ത്താത്ത ഊര്‍ജ്ജവുമായി രഘുനാഥ് ഇപ്പോഴും കോട്ടമൈതാനത്തെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തും, പുതുതലമുറയ്ക്ക് ആവേശം പകരാന്‍...

Content Highlights: The 82nd birthday of Palakkad cricket legend r raghunath