അഹമ്മദാബാദ്: മൊട്ടേരയിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കിയ ഇന്ത്യ പുതിയൊരു റെക്കോഡ് കൂടി സ്വന്തമാക്കി. 

സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ വിജയിക്കുന്ന ടീമെന്ന നേട്ടമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീം സ്വന്തമാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ നേട്ടമാണ് ഇന്ത്യ മറികടന്നത്.

നാട്ടില്‍ തുടര്‍ച്ചയായ 13-ാം ടെസ്റ്റ് പരമ്പര ജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ടീം യോഗ്യത നേടി. 2013-ല്‍ ഓസ്‌ട്രേലിയയെ 4-0ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ വിജയ പരമ്പര ആരംഭിച്ചത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ വിജയങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച ടീമും ഇന്ത്യയാണ്. 2019 ഓഗസ്റ്റ് മുതല്‍ കളിച്ച 17 ടെസ്റ്റുകളില്‍ നിന്ന് 12 ജയവും ഒരു സമനിലയും നാല് തോല്‍വികളുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്കെതിരേ നാട്ടിലും ഓസ്‌ട്രേലിയക്കെതിരേ അവരുടെ മണ്ണിലും ഇന്ത്യ പരമ്പര വിജയങ്ങള്‍ സ്വന്തമാക്കി.

Content Highlights: Team India win 13th consecutive Test series on home soil