കൊല്‍ക്കത്ത: മാന്യന്‍മാരുടെ കളിയെന്നാണ് ക്രിക്കറ്റിനെ പൊതുവെ വിശേഷിപ്പിക്കുന്നത്. ഈ വാക്കുകള്‍ക്ക് അടിവരയിടുന്ന കാര്യമാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ നടന്നത്. ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരമായിരുന്നു കൊല്‍ക്കത്തയിലേത്. പിങ്ക് പന്ത് ഉപയോഗിച്ചുള്ള ഇരു ടീമുകളുടെയും ആദ്യ മത്സരം. പിങ്ക് പന്തിന്റെ പേസും ബൗണ്‍സും വേരിയേഷനുകളും തിരിച്ചറിയുന്നതില്‍ ഇരു ടീമിലെയും താരങ്ങള്‍ നന്നേ ബുദ്ധിമുട്ടി.

മുഹമ്മദ് ഷമിയുടെ ബൗണ്‍സറേറ്റ് രണ്ട് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസും സ്പിന്നര്‍ നയീം ഹസനുമാണ് പരിക്കേറ്റ് പിന്മാറിയത്. ഇതില്‍ നയീം ഹസന്റെ ഹെല്‍മറ്റില്‍ ബൗണ്‍സറേറ്റപ്പോള്‍ ആദ്യം ഓടിയെത്തിയത് ഇന്ത്യന്‍ ടീം ഫിസിയോ നിതില്‍ പട്ടേലായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീം ഫിസിയോ ബംഗ്ലാദേശ് താരത്തെ പരിശോധിക്കാന്‍ ഓടിയെത്തിയത്. കോലിയുടെ ഈ നടപടിയെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് സോഷ്യല്‍മീഡിയയിലും മറ്റും രംഗത്തെത്തിയിരിക്കുന്നത്.

ബൗണ്‍സറേറ്റ നയീം ഹെല്‍മറ്റ് അഴിച്ച് നയീം അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് കോലി പെട്ടെന്നു തന്നെ ടീം ഫിസോയോയെ വിളിച്ചത്. ഓടിയെത്തിയ ഫിസിയോ നിതില്‍ പട്ടേല്‍ നയീമിനെ പരിശോധിക്കുകയും ചെയ്തു. ഇതിനു പിറകെ ബംഗ്ലാദേശ് ടീമിന്റെ ഫിസിയോയും ഗ്രൗണ്ടിലെത്തി താരത്തെ പരിശോധിച്ചിരുന്നു.

ഇതോടെ ബംഗ്ലാദേശിന് രണ്ട് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട്സിനെ ഉപയോഗിക്കേണ്ടി വന്നു. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമം നിലവില്‍ വന്ന ശേഷം ഒരേ മത്സരത്തില്‍ രണ്ട് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട്സിനെ ഉപയോഗിക്കുന്ന ആദ്യ ടീമായി ബംഗ്ലാദേശ്. ലിട്ടണ്‍ ദാസിനും നയീം ഹസനും പകരമായി മെഹ്ദി ഹസനെയും തൈജുള്‍ ഇസ്ലാമിനെയുമാണ് ബംഗ്ലാദേശ് കളത്തിലിറക്കിയത്.

Content Highlights: Team India Physio Treats Bangladesh Batsman Twitter Praises