ധാക്ക: സോഷ്യല്‍ മീഡിയയില്‍ വിവാഹ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ എല്ലാവരും താഴെ അഭിനന്ദനങ്ങളറിയിച്ചുള്ള കമന്റുകളാണ് ഇടാറുള്ളത്. എന്നാല്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ ചീത്തയും പരിഹാസവും കേള്‍ക്കേണ്ടി വന്ന ആരെങ്കിലുമുണ്ടോ? എന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം തസ്‌കിന്‍ അഹമ്മദിന് അങ്ങിനെയൊരു ദുരനുഭവമാണുണ്ടായത്. 

ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷം ബാല്യകാലസഖിയായിരുന്ന സയ്യിദ റാബിയ നൈമയെ കഴിഞ്ഞ ദിവസമാണ് തസ്‌കിന്‍ വിവാഹം ചെയ്തത്. വിവാഹഘോഷങ്ങളുടെ ചിത്രങ്ങളും നൈമയോടൊപ്പമുള്ള ചിത്രങ്ങളും തസ്‌കിന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. എന്നാല്‍ അഭിനന്ദത്തേക്കാള്‍ കൂടുതല്‍ പരിഹാസങ്ങളാണ് ഈ ചിത്രത്തിന് താഴെ. 

ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് വിവാഹം ചെയ്തതാണ് ചില ആരാധകരെ ചൊടിപ്പിച്ചത്. തസ്‌കിന് 22 വയസ്സേ ആയിട്ടുള്ളൂവെന്നും ഇവര്‍ കാരണമായി പറയുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മികവ് പുലര്‍ത്താതിരുന്നതും തസ്‌കിന് തിരിച്ചടിയായി. ഈ പരമ്പരയ്ക്ക് പിന്നാലെയായിരുന്നു വിവാഹം.

തസ്‌കിന്റെ ഭാര്യയെ വിമര്‍ശിച്ചുള്ള കമന്റുകളുമുണ്ട്. നൈമയെ കാണാന്‍ ആഫ്രിക്കക്കാരിയെ പോലെ ഉണ്ടെന്നും തസ്‌കിനെ പ്രണയിച്ച ബംഗ്ലാദേശി ആരാധികമാരെ ഓര്‍ത്ത് ഖേദിക്കുന്നുവെന്നുമാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്. തസ്‌കിന് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാമായിരുന്നുവെന്നും കമന്റുകള്‍ വന്നു.

troll

troll